
കണ്ണൂർ: പുതുവർഷത്തിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പാപ്പാഞ്ഞി മോഡൽ കോലം കത്തിച്ച് എസ്.എഫ്.ഐ. 30 അടി ഉയരമുള്ള കോലമാണ് കത്തിച്ചത്. ഗവർണർക്കെതിരെയുള്ള സമരങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കുന്നതെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. എസ്.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ആർ.എസ്.എസ് ഏജന്റാണ് ഗവർണറെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ സംസാരിച്ചു.
25വാർഡുകളിലെ കരട് വോട്ടർപട്ടിക ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 25 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ജനുവരി 25നാണ് അന്തിമ പട്ടിക. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ ഉൾപ്പെടെയുള്ള വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.
കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ഇന്നു മുതൽ 16വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18വയസ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. ഇതിനായി http://www.sec.kerala.gov.inൽ ഓൺലൈൻ അപേക്ഷ നൽകണം. പട്ടികയിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.
കോർപ്പറേഷനിൽ അഡിഷണൽ സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതത് സ്ഥാപനത്തിലെ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട്പട്ടിക അതത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മിഷന്റെ http://www.sec.kerala.gov.in സൈറ്റിലും ലഭ്യമാക്കും.