ബേക്കൽ: ബേക്കൽ ഒരു പറുദീസയാണെന്നും ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിന് ഏറെ അനുയോജ്യമായ സ്‌ഥലമാണെന്നും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക രാവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെക്കൻ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംഭവിച്ച പല പ്രശ്നങ്ങളും ഇല്ലാത്ത സ്വച്ഛ സുന്ദര പ്രദേശമാണ് ബേക്കൽ. ഇനിയങ്ങോട്ട് മാലിന്യമാക്കാതെ നോക്കേണ്ടതുണ്ട്. ശരിയായ ആസൂത്രണം ഉണ്ടെങ്കിൽ ബേക്കലിലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിയൂ. അത്ഭുതങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഇടമാണ് ബേക്കൽ. അത്രയേറെ കൗതുകങ്ങളും പ്രകൃതിഭംഗിയും ഉള്ള ഇടമാണ് കാസർകോട്. നമ്മുടെ ആചാരങ്ങളും സംസ്കാരങ്ങളും നമ്മൾക്ക് അത്ഭുതമല്ല. എന്നാൽ ലോകത്തിന്റെ മറ്റൊരു മൂലയിൽ നിന്നു വരുന്നവർക്ക് ഇതെല്ലാം അത്ഭുതമാണ്. വിനോദ സഞ്ചാരത്തിലൂടെ നമ്മുക്ക് വേണ്ടപ്പെട്ടതെല്ലാം സംരക്ഷിക്കാൻ കഴിയണം. 140 രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടും ബേക്കൽ കോട്ടയെന്ന അത്ഭുതം കാണാൻ വൈകിയത് എനിക്ക് നാണക്കേട് ഉണ്ടാക്കിയ കാര്യമാണ്. ഇന്ന് ആ പ്രശ്‌നത്തിൽ നിന്ന് ഞാൻ മോചിതനായി. കേരളത്തിലൂടെയുള്ള സഞ്ചാര പരിപാടി വൈകാതെ ആരംഭിക്കും. അത് തുടങ്ങുന്നത് ബേക്കൽ കോട്ടയിൽ നിന്നാണ്. കേരളീയ സമൂഹത്തിൽ ബേക്കൽ ആരെങ്കിലും തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ അതിന്റെ സാധ്യത മനസ്സിലാക്കിയിട്ടില്ലെങ്കിൽ അത് കാണിച്ചു കൊടുക്കാൻ വേണ്ടിയാണ് ഇന്നത്തെ ദിവസം മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു.