happiness-
ഹാപ്പിനസ് ഫെസ്റ്റിവൽ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: മറ്റ് സംസ്ഥാനങ്ങളിൽ നഗരം കേന്ദ്രീകരിച്ച് മാത്രം വികസനം നടക്കുമ്പോൾ ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത് സർവതല സ്പർശിയായ വികസന കാഴ്ചപ്പാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ് ഫെസ്റ്റ് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന് പുറത്ത് ഗ്രാമീണ ജനതയുടെ ജീവിതം മാറ്റമില്ലാതെ തുടരുകയാണ്. എല്ലാവിഭാഗത്തിൽ പെട്ടവർക്കും വികസനത്തിന്റെ സ്വാദ് നുണയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. രാജ്യത്ത് അതിസമ്പന്നർക്ക് മാത്രമാണ് സന്തോഷത്തോടെ ജീവിക്കാനാവുന്നത്. ദാരിദ്ര്യത്തിന്റെ പട്ടികയിൽ ഇന്ത്യ 2013ലെ 55ാം സ്ഥാനത്ത് നിന്ന് ഇപ്പോൾ 107ൽ എത്തി. ബി.ജെ.പിയുടെ തെറ്റായ സാമ്പത്തികനയങ്ങൾ കാരണം സമ്പന്നർ അതിസമ്പന്നരാവുകയും പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാവുകയും ചെയ്യുന്നു. കേരളം വേറിട്ടു നിൽക്കുന്നത് ഇവിടെ നടപ്പാക്കുന്ന ബദൽ നയങ്ങൾ കാരണമാണ്. അതി ദരിദ്രാവസ്ഥ തുടച്ചു നീക്കാൻ പദ്ധതി നടപ്പാക്കി ഒരു വർഷം പിന്നിടുമ്പോൾ പകുതിയോളം പേർ ദാരിദ്രമുക്തരായി. 2025 ആവുമ്പോഴേക്കും അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. വർഷത്തെ അവസാന ദിവസത്തിൽ മനുഷ്യരുടെ സന്തോഷത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പലസ്തീനിൽ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള മനുഷ്യർ കൊല ചെയ്യപ്പെട്ടത് മറക്കരുത്. മണിപ്പൂരിൽ നിരവധി മനുഷ്യർ വംശഹത്യക്കിരയായി. ഈ രണ്ട് സംഭവങ്ങളിലും ഇന്ത്യ സ്വീകരിച്ച സങ്കുചിത വർഗീയ നിലപാടിനെതിരെ ലോകത്താകമാനം പ്രതിഷേധമുയർന്നു. നാടിന്റെ അടിസ്ഥാന പ്രശ്നങ്ങളും ഭാവി പരിപരിപാടികളും ചർച്ച ചെയ്യുകയും കൂട്ടായ്മയുടെ സന്തോഷം പകരുകയും ചെയ്യുന്ന ഹാപ്പിനെസ് ഫെസ്റ്റ് മറ്റ് പ്രദേശങ്ങളിലും സംഘടിപ്പിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് സമാധാനവും സന്തോഷവുമുള്ള ജീവിതം ഉറപ്പാക്കാൻ ഭരണ സംവിധാനത്തിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.