1

കൊടിയത്തൂർ: ചെറുവാടി പുഞ്ചപ്പാടത്ത് കർഷകർക്ക് ഇനി ആശ്വാസമായി നെൽകൃഷിയിറക്കാം. വെള്ളം കെട്ടി നിന്ന് നൂറേക്കർ സ്ഥലം കൃഷിക്ക് അനുയോജ്യമല്ലാതായിത്തീർന്നത് കേരള കൗമുദി '‌ഞങ്ങൾക്കും കൃഷിയിറക്കണം' തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പാടത്തെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ഗ്രാമപഞ്ചായത്ത് 10000 രൂപയും കൃഷി ഭവൻ 12500 രൂപയും പാട ശേഖര കമ്മിറ്റിക്ക് അനുവദിച്ചു. ഇരുവഴിഞ്ഞി പുഴയിൽ നിന്നും പടശേഖരത്തിലേക് ഒഴുകി വന്ന ആഫ്രിക്കൻ പായൽ പാടത്തും, തോട്ടിലും കെട്ടികിടന്നു വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിരുന്നു.

ഇത് പാടശേഖര കമ്മിറ്റി പ്രസിഡന്റ് ചാലക്കൽ റസാക്ക്, സെക്രട്ടറി ഹമീദ് ചാലിൽ പുറായിൽ(പൊന്നു)​ എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. തോട്ടിലെ പായൽ നീക്കിയതോടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകുകയും പാടത്തെ വെള്ളക്കെട്ട് ഒരു പരിധി വരെ ഇല്ലാതാകുകയും ചെയ്തു. എല്ലാവർക്കും പാടശേഖരത്തിൽ കൃഷിയിറക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്.ഇനി തോടിന് ഇരുവശവും വളർന്ന മുൾ കാടുകൾ നീക്കം ചെയ്യാൻ 50000 രൂപയെങ്കിലും വേണമെന്നാണ് പാടശേഖര കമ്മിറ്റി പറയുന്നത്. മാത്രമല്ല സ്ഥിരമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 1ലക്ഷമെങ്കിലും ചെലവഴിക്കണം. രണ്ട് മോട്ടോറുകൾ സ്ഥിരം പ്രവർത്തിപ്പിക്കണമെന്നും വെെദ്യുതി ഷട്ടർ സ്ഥാപിക്കണമെന്നുമാണ് പാടശേഖര കമ്മിറ്റി ആവശ്യപ്പെടുന്നത്.

പുഞ്ചപ്പാടം ഇരുവഞ്ഞിപ്പുഴയെക്കാളും താഴ്ന്നസ്ഥലമാതിനാൽ ചെറിയമഴ പെയ്താൽത്തന്നെ പാടത്ത് വെള്ളം കയറുന്ന സ്ഥിതിയായിരുന്നു. 2001-ൽ ഊർക്കടവിൽ കവണക്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെ ഈ പാടശേഖരം അധികകാലവും വെള്ളത്തിനടിയിലാവുന്ന സ്ഥിതിയായി. ഇതോടെ 250 ഏക്കർ പുഞ്ചപ്പാടത്ത് വെള്ളക്കെട്ട് മൂലം നെൽക്കൃഷിയിറക്കാൻ കഴിയാതെയായി.

വയലിലേക്കുള്ള വെള്ളപ്പൊക്കം തടയാനും ജലലഭ്യത ക്രമീകരിക്കാനും 2017 ൽ 1 കോടി ചെലവഴിച്ച് കല്ലന്തോട് നീർത്തട പദ്ധതിയിൽ കൂട്ടകടവിൽ ഇരുമ്പിന്റെ ഷട്ടർ സ്ഥാപിക്കുകയും തോട് ആഴംകൂട്ടുകയും 30 എച്ച്.പിയുടെ രണ്ട് മോട്ടോർ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കിയുമാണ് ചെറുവാടി പാടത്ത് നെൽക്കൃഷി പുനരാരംഭിച്ചത്. എന്നാൽ 3 വർഷമായി തോട്ടിലെ പായലുകൾ നീക്കം ചെയ്യുകയോ മണ്ണ് നീക്കം ചെയ്യുകയോ ചെയ്യാതിരുന്നതിനാലാണ് വെളള്ളം ഒഴുകിപ്പോകാതെ പാടത്ത് കെട്ടിക്കിടന്നത്. ഇത് കർഷകർക്ക് തിരിച്ചടിയായി മാറി. നിലവിലുള്ള പമ്പ് ഹൗസ് പ്രവർത്തിക്കാനുള്ള വെെദ്യുതി സർക്കാർ പൂർണ്ണമായും സൗജന്യമാക്കിയിട്ടുണ്ട്. കൃഷി ഇറക്കാൻ നെൽക‌ർഷകർ വിദ്യാർത്ഥികൾ,സഹകരണ സംഘങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ, തുടങ്ങിയവർ വയലിൽ ഞാറ് പാകിയിരിക്കുകയാണ്. ഡിസംബർ ആദ്യവാരത്തിൽ നെൽകൃഷി ഇറക്കിയാൽ മാത്രമേ വിഷുവിന് മുൻപായി വിളവെടുക്കാൻ സാധിക്കുകയുള്ളൂ. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ഥിര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിൽ പാടശേഖര കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് പരാതിയും നൽകിയിരുന്നു.