kunnamangalamnews

കുന്ദമംഗലം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ കാമ്പസിലേക്കുള്ള ടണൽ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കുന്ദമംഗലം മുക്കം റോഡിൽ എൻ.ഐ.ടി പ്രധാനകവാടത്തിന് കിഴക്ക് ഭാഗത്തെ റോഡിനടിയിലൂടെയാണ് 8.3 കോടി രൂപചെലവിൽ നിർമ്മിക്കുന്ന ടണൽ റോഡിന്റെ നിർമാണം പുരോഗമിക്കുന്നത്. പി.ഡബ്യൂ.ഡിക്കാണ് നിർമ്മാണ ചുമതല.

എൻ.ഐ.ടിയുടെ മറുഭാഗത്തുള്ള ലൈബ്രറിക്ക് സമീപത്തുകൂടെയാണ് ടണൽ റോഡ് കടന്നുപോകുന്നത്. എൻ.ഐ.ടിയുടെ പ്രധാനപ്പെട്ട അക്കാദമിക് ബ്ലോക്കുകൾ ഒരു വശത്തും റസിഡൻഷ്യൽ ഏരിയ, ലേഡീസ് ഹോസ്റ്റൽ, ലൈബ്രറി, ക്വോട്ടേഴ്സ് എന്നിവ മറുഭാഗത്തുമാണുള്ളത്. ഇവക്കിടയിലൂടെ കുന്ദമംഗലം മുക്കം റോഡ് കടന്നുപോകുന്നതിനാൽ ആയിരക്കണക്കിന് വിദ്യാ‌ർത്ഥികളും ജീവനക്കാരുമാണ് ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ടണൽ റോഡ് വരുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും.

ചാത്തമംഗലം പഞ്ചായത്തിൽ മുന്നൂറോളം ഏക്കറിൽ സ്ഥിതിചെയ്യുന്ന എൻ.ഐ.ടി 1961ലാണ് സ്ഥാപിതമായത്. പതിനേഴോളം ഹോസ്റ്റലുകളിലായി നാലായിരത്തിഅ‌ഞ്ഞൂറോളം വിദ്യാർത്ഥികൾ ഇപ്പോൾ താമസിക്കുന്നുണ്ട്. എൻ.ഐ.ടി കാമ്പസിലൂടെയുള്ള കുന്ദമംഗലം മുക്കം റോഡിൽ അനിയന്ത്രിതമായി വാഹനത്തിരക്ക് വർദ്ധിച്ചതോടെ അപകടങ്ങളും വർദ്ധിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചുകടക്കുവാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു. തുരങ്ക പാത യാഥാർത്ഥ്യമാവുന്നതോടെ അക്കാദമിക് ബ്ലോക്കിൽ നിന്നും വിദ്യാർത്ഥികൾക്ക് വളരെ സുരക്ഷിതരായി റസിഡൻഷ്യൽ ഏരിയയിലേക്കും തിരിച്ചും വാഹനത്തിലും കാൽനടയായും പോകുവാൻ കഴിയുമെന്നതാണ് തുരങ്കപാതയുടെ പ്രധാന സവിശേഷതത.