കോഴിക്കോട്: 'നിങ്ങൾ വിളിക്കുന്ന നമ്പർ പരിധിക്ക് പുറത്താണ് 'ജില്ലയിലെ പ്രധാന ഫയർ സ്റ്റേഷനായ ബീച്ചിലേക്ക് വിളിച്ചാൽ കിട്ടുന്ന ഉത്തരമാണിത്. നഗരത്തിൽ തന്നെയുള്ള വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷന്റെ 0495 237 1003 എന്ന നമ്പറിലേക്ക് ഡയൽ ചെയ്താൽ ഈ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന ഉത്തരവും. ഈ നമ്പറുകൾ മറ്റാരെങ്കിലും വഴി കിട്ടിയതോ, കൈമാറി വന്നതോ അല്ല.ബീച്ച് സ്റ്റേഷന്റെയും വെള്ളിമാട്കുന്ന് സ്റ്റേഷന്റെയും ഔദ്യോഗിക വെബ് സൈറ്റുകളിൽ ചേർത്തിട്ടുള്ളതാണ്. നഗരത്തിലോ പരിസരത്തോ പെട്ടന്നൊരു തീ അപകടം ഉണ്ടായാൽ വിളിക്കേണ്ട നമ്പറുകളാണിത്.
എന്നാൽ അപകട സാഹചര്യങ്ങളിൽ ഈ നമ്പറുകളിലേക്ക് വെറുതേ വിളിക്കാമെന്നേയുള്ളൂ. മറുതലയ്ക്കൽ നിന്ന് നിങ്ങളെ കേൾക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. പരിചയമില്ലാത്തൊരാൾക്ക് വെബ്സൈറ്റിലെ ഈ നമ്പറുകളല്ലാതെ സ്റ്റേഷനിലേക്ക് ബന്ധപ്പെടാൻ
മറ്റ് മാർഗങ്ങളുമില്ല. കഴിഞ്ഞ കുറേ നാളുകളായി ബീച്ച്, വെള്ളിമാട്കുന്ന് ഫയർസ്റ്റേഷനുകളിലെ അവസ്ഥയിതാണ്. പൊലീസ് വെബ് സൈറ്റുകളിൽ ചേർക്കുന്നത് പോലെ ഫയർ സ്റ്റേഷൻ ഓഫീസറുടെയോ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെയോ നമ്പറുകൾ ഫയർ സ്റ്റേഷൻ വെബ് സൈറ്റുകളിൽ ചേർത്തിട്ടുമില്ല. പിന്നെങ്ങനെയാണ് ഒരു അപകടം സ്റ്റേഷനിൽ വിളിച്ചറിയിക്കുക എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. പൊലീസ് സ്റ്റേഷൻ വെബ് സൈറ്റുകളിലും ചിലയിടങ്ങളിൽ സ്ഥിതി ഇതു തന്നെ. വെബ് സൈറ്റിൽ ചേർത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ നമ്പറുകളിൽ പലതും പുതുക്കിയിട്ടില്ല. സ്ഥലം മാറിപ്പോയവരുടെ നമ്പറുകൾ പലതും ഇപ്പോഴും വെബ്സൈറ്റുകളിൽ തുടരുന്നുണ്ട്. നഗരത്തിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്രേഷന്റെ 0495 223 57691 എന്ന നമ്പറിൽ വിളിച്ചാലും പലപ്പോഴും ഉത്തരമുണ്ടാവാറില്ല. ഉത്തരവാദിത്തപ്പെട്ടവർ ഊമക്കളി തുടരുമ്പോൾ പെട്ടുപോകുന്നത് സാധാരണക്കാരാണ്.