1
തൂണേരി ഐ.ടി.ഐ. കെട്ടിട നിർമ്മാണം വിലയിരുത്താൻ ഇ.കെ. വിജയൻ എം.എൽ.എ എത്തിയപ്പോൾ

നാദാപുരം: തൂണേരി ഐ.ടി.ഐക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. അടുത്ത അദ്ധ്യയന വർഷത്തെ ക്ലാസുകൾ പുതിയ കെട്ടിടത്തിൽ തുടങ്ങാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും. പട്ടികജാതി വികസന വകുപ്പാണ് തൂണേരി ഐ.ടി.ഐയ്ക്കു വേണ്ടി കെട്ടിടം നിർമ്മിക്കുന്നത്. 4 കോടി 60 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം പുതിയ കെട്ടിടത്തിൽ ഇ.കെ.വിജയൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. കേരള സർക്കാർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. 2024 ജനുവരി മാസത്തിൽ പ്രവ്യത്തി പൂർത്തീകരിക്കണമെന്നാണ് തീരുമാനം. ഐ.ടി.ഐ. റോഡ് എട്ട് മീറ്ററിൽ നവീകരിക്കുന്നതിന് ആവശ്യമായ അലൈൻമെന്റ് തയ്യാറാക്കി സ്ഥലം ഉടമകളെ സമീപിക്കുന്നതിന് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി. നിർമ്മാണത്തിന്റെ ഭാഗമായി വന്ന മണ്ണ് നീക്കുന്നതിന് നടപടി സ്വീകരിക്കും. നിലവിലെ ഐ.ടി.ഐ. സ്ഥലത്ത് കുടിവെള്ളം ലഭ്യതക്കില്ല എന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഐ.ടി.ഐ പരിസരത്ത് കിണറിനും പമ്പ് ഹൗസിനും സ്ഥലം കണ്ടെത്താനുള്ള ശ്രമവും തുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഒരു കോടി മുപ്പതിനായിരം രൂപയ്ക്ക് ഒരു ഏക്കർ സ്ഥലം ഏറ്റെടുത്തത്. ഹോസ്റ്റൽ പണിയുന്നതിന് 36 സെന്റ് സ്ഥലം ഇനിയും ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

2006 ൽ വി.എസ് അച്ചുതാനന്ദൻ ഗവൺമെന്റിന്റെ കാലത്ത് ആരംഭിച്ച ഐ.ടി.ഐ. നിലവിൽ വെള്ളൂരിലെ താത്കാലിക കെട്ടിടത്തിലാണ് പ്രവൃത്തിക്കുന്നത്. തുണേരി ടൗണിനടുത്തായി പി.എച്ച്.സി യ്ക്ക് സമീപമാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.