kalolsavam
ടി പി രാമകൃഷ്ണൻ എം എൽ എ വിശദീകരിക്കുന്നു

പേരാമ്പ്ര: മൂന്നു മുതൽ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 309 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥിക‍ൾ മാറ്റുരയ്ക്കുന്ന കലോത്സവം

മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് തിയതികളിലായാണ് നടക്കുന്നത്. 19 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. 5 ന് രാവിലെ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. മൂന്ന്, അഞ്ച് തിയതികളിൽ രചനാ മത്സരങ്ങളും അഞ്ച് മുതൽ എട്ട് വരെ സ്റ്റേജ് മത്സരങ്ങളുമാണ്. പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാമ്പ്ര, ബഡ്സ് സ്കൂൾ, ദാറുന്നുജും ആർട് ആന്റ് സയൻസ് കോളേജ്, എൻ.ഐ.എം എൽ.പി സ്കൂൾ, സെന്റ് ഫ്രാൻസിസ് ഇം​ഗ്ലീഷ് മീഡിയം ഹെെസ്കൂൾ, സി.കെ.ജി.എം ​ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികൾ.

കലോത്സവത്തിന്റെ ഭക്ഷ്യവിഭവ സമാഹരണവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ സി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ടി. പി രാമകൃഷ്ണൻ,മനോജ് കുമാർ സി, എൻ. പി ബാബു, ശശികുമാർ പേരാമ്പ്ര, കെ. കെ വിനോദ്, ലിസി, മിനി പൊൻപാറ, അർജുൻ കറ്റയാട്ട്, സി. കെ അനിൽകുമാർ , സുനിൽകുമാർ, കെ.വി ഷിബു, ബിജു പി കെ, അബ്ദുൽ ജലീൽ എ.എം, സുനിൽകുമാർ പി കെ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.