കോഴിക്കോട് : ഏത് മേഖലയിലും അവസരങ്ങളുള്ള ഇന്ത്യയിലാണ് പുതുതലമുറ ജീവിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഒഫ് ഇന്ത്യ നടത്തിയ സി.എ വിദ്യാർത്ഥികളുടെ മെഗാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിൽ എത്തിയിരുന്നില്ല. എന്നാൽ ഇന്ന് ഗുണഭോക്താക്കൾക്ക് അവരുടെ ആനുകൂല്യങ്ങൾ നേരിട്ടെത്തുന്നു. യുവാക്കൾക്ക് ജയിക്കാനും അഭിവൃദ്ധി പ്രാപിക്കാനും പരിധിയില്ലാത്ത അവസരങ്ങളുണ്ട്. സാധാരണ ജി.ഡി.പിയേക്കാൾ രണ്ടര മടങ്ങ് വേഗത്തിലാണ് ഡിജിറ്റൽ സമ്പദ് വ്യവസ്ഥ വളരുന്നത്. 2014ൽ ജി.ഡി.പിയുടെ നാലര ശതമാനമായിരുന്നു ഡിജിറ്റൽ സമ്പദ് വ്യവസ്ഥ. ഇന്ന് 11 ശതമാനവും 2026ൽ 20 ശതമാനവുമാകുമെന്നും മന്ത്രി പറഞ്ഞു. ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ച് ചെയർമാൻ സി .എ. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ആർ.സി മെമ്പർ സി.എ.സതീശൻ പ്രസംഗിച്ചു. കോഴിക്കോട് ബ്രാഞ്ച് എസ്.ഐ. സി.എ.എസ്.എ ചെയർമാൻ സി.എ. വിനോദ് സ്വാഗതവും സെക്രട്ടറി അഫ്രീദ് സുൽത്താൻ നന്ദിയും പറഞ്ഞു. ഐ.സി.എ.ഐ സുവനീറും പ്രാദേശിക സമ്മേളന ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.