കോഴിക്കോട്: റോഡ് നവീകരണത്തിനായി നഗരത്തിൽ പലയിടത്തും ഷെൽട്ടറുകൾ പൊളിച്ചു നീക്കിയതോടെ ബസ് കയറാൻ വെയിലിലും മഴയിലും യാത്രക്കാരുടെ നെട്ടോട്ടം. മുക്കിന് മുക്കിന് ബസ് സ്റ്റോപ്പും ഷെൽട്ടറും ഉണ്ടായ നഗരത്തിൽ ഇപ്പോൾ സ്റ്റോപ്പുണ്ടെങ്കിലും ഷെൽട്ടറില്ലാത്തതിനാൽ ബസ് കയറാൻ നിർത്തുന്നത് നോക്കി തലങ്ങും വിലങ്ങും ഓടണം.
റോഡ് വീതി കൂട്ടാനായി പൊളിച്ചു മാറ്റിയ നടക്കാവിലെ ബസ് ഷെൽട്ടർ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ദിവസവും ആയിരത്തിലധികം യാത്രക്കാർ എത്തുന്ന മെഡിക്കൽ കോളേജ്, ബീച്ച് എന്നിവിടങ്ങളിൽ ബസ് കാത്തുനിൽക്കുന്നത് പൊരിവെയിലിൽ റോഡിലാണ്.
ചില സ്റ്റോപ്പുകളിൽ ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ചിരിക്കുന്ന ഷെൽട്ടറുകളിൽ ഇരിക്കാനോ നിൽക്കാനോ സൗകര്യമില്ലെന്നതാണ് വിചിത്രം. പലയിടങ്ങളിലും ബസ് ഷെൽട്ടർ കമ്പിക്കാലുകൾക്ക് മേൽ കയറ്റി വെച്ച മേൽക്കൂര മാത്രമാണ്. വേണ്ടത്ര ഇരിപ്പിടങ്ങളോ ലൈറ്റുകളോ ഇല്ല. ചിലയിടങ്ങളിൽ ഇരിപ്പിടങ്ങൾ വിലങ്ങനെ വെച്ച രണ്ട് കമ്പികൾ മാത്രം !.
രാപ്പകൽ ഭേദമന്യേ യാത്രക്കാർ എത്തുന്ന റെയിൽവേ സ്റ്റേഷൻ, മാനാഞ്ചിറ, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ ബസ് ഷെൽട്ടറുകൾ സൂര്യൻ അസ്തമിച്ചാൽ ഇരുട്ടിലാണ്. തുരുമ്പിച്ചതും പൊളിഞ്ഞുവീഴാറായതുമായ ബസ് ഷെൽട്ടറുകളും സാഹിത്യ നഗരത്തിലുണ്ട്.
യാത്രക്കാർക്ക് ഭീഷണിയുണ്ടാക്കുന്നതാണ് പുഷ്പ ജംഗ്ഷനിലെ മർസൂക് വുമൺസ് കോളേജ് ബസ് ഷെൽട്ടർ. ഇവിടുത്തെ ഷെൽട്ടറിന്റെ മേൽക്കൂര ഏതു നേരവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. പിറകുവശത്തെ താത്കാലിക തകിട് മതിലിന്റെ ബലത്തിലാണ് ഷെൽട്ടർ നിൽക്കുന്നത്. മഴക്കാലത്ത് ആശങ്കയോടെയാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. ഇരിക്കാനായി ഒരുക്കിയിരിക്കുന്ന അരമതിലും കാലപ്പഴക്കം കാരണം പൊളിഞ്ഞു വീഴുമെന്ന സ്ഥിതിയിലാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ ബസ് സ്റ്റോപ്പ് രാത്രിയിൽ കൂരിരുട്ടിൽ മുങ്ങും.
' മഴയും വെയിലും കൊള്ളുന്ന നിലയിലാണ് പലയിടത്തും ബസ് ഷെൽട്ടറുകൾ നിർമ്മിച്ചിരിക്കുന്നത്. മഴക്കാലത്ത് നാലാളുകൾക്ക് തികച്ച് നിൽക്കാൻ കഴിയില്ല . രാത്രിയിൽ പല ബസ് സ്റ്റോപ്പുകളിലും വെളിച്ചമില്ലാത്തത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വലിയ പ്രയാസമാണ് ഉണ്ടാവുന്നത് '.
- സെൽഹ ആയിഷ
(യാത്രക്കാരി)