vv

ഗോകുലത്തിനായി പി.എൻ. നൗഫലും കോൺറോൺ ടർസിനോവും നാംധാരി എഫ്.സിയ്ക്കായി ആകാശ് ദീപ് സിംഗും പൽവിന്ദർ സിംഗും ഗോൾ നേടി. ഏഴ് കളികളിൽ നിന്ന് 12 പോയിന്റുള്ള ഗോകുലം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് പോയിന്റുമായി നാംധാരി 11ാമതാണ്. 16 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് ഒന്നാമത്. കഴിഞ്ഞ മൂന്ന് കളികളിൽ ഒരു തോൽവിയും രണ്ട് സമനിലയുമായി രണ്ട് പോയിന്റ് മാത്രമാണ് ഗോകുലത്തിന് നേടാനായത്. ആദ്യം ലീഡെടുത്ത ശേഷമാണ് ഗോകുലം വീണ്ടും സമനിലയിൽ കരുങ്ങിയത്. 35ാം മിനിട്ടിൽ കൗണ്ടർ അറ്റാക്കിംഗിൽ നിന്നായിരുന്ന ഗോകുലത്തിന്റെ ആദ്യ ഗോൾ. നാംധാരി പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് വൈസ് ക്യാപ്റ്റൻ ശ്രീക്കുട്ടൻ നൽകിയ പാസ് സ്വീകരിച്ച് ഇടത് വിംഗിലൂടെ കുതിച്ച പി.എൻ. നൗഫൽ മികച്ച വലങ്കാലൻ ഗ്രൗണ്ട് ഷോട്ടിലൂടെ നാംധാരി വലകുലുക്കി.

അഞ്ച് മിനിട്ടിന് ശേഷം 40ാം മിനിട്ടിൽ നാംധാരിയുടെ സമനില ഗോളെത്തി. ഗോകുലം പ്രതിരോധ താരം സലാം രഞ്ജൻ സിംഗിന്റെ പിഴവിനെ തുടർന്ന് ലഭിച്ച ബോളുമായി ബോക്സിലേക്ക് കയറിയ ആകാശ്ദീപ് സിംഗിന്റെ ഇടങ്കാൽ ഷോട്ടിന് ഗോകുലം ഗോളി ദേവാൻഷിന് മറപടി ഉണ്ടായില്ല.

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഗോകുലത്തെ നിശബ്ദരാക്കി നാംധാരി ലീഡുയർത്തി. പകരക്കാരനായി ഇറങ്ങിയ സന്ദീപ് സിംഗിന്റ അസിസ്റ്റിൽ നിന്ന് 45+3 മിനിട്ടിൽ പൽവീന്ദർ സിംഗ് മികച്ച ഹെഡ്ഡറിലൂടെ വലകുലുക്കി.

പകരക്കാരനായി ഇറങ്ങിയ 81ാം മിനിട്ടിൽ താജിക്കിസ്ഥാൻ മദ്ധ്യനിര താരം കോംറോൺ ടർസിനോവിന്റെ തകർപ്പൻ ലോംഗ് റേഞ്ചർ നംധാരി ഗോളിയെ മറികടന്ന് വലയിലെത്തിയപ്പോൾ ഗോകുലത്തിന് ആശ്വാസം. എഡു ബേഡിയയുടെതാണ് അസിസ്റ്റ്. കളി തീരാൻ മിനിട്ടുകൾ ശേഷിക്കെ കോംറോണെടുത്ത ഫ്രീക്കിക്ക് ക്രോസ് ബാറിൽതട്ടിത്തെറിച്ചു.