കോഴിക്കോട് : ഭീകരവാദത്തോട് സന്ധിയില്ലെന്നും മതത്തിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും കൊന്നുതള്ളുന്നവർ ഭീകരർ തന്നെയെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. മുതലക്കുളം മൈതാനത്ത് എൻ.ഡി.എ സംഘടിപ്പിച്ച ഭീകര വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹമാസ് സ്വതന്ത്ര പോരാളികളെന്ന് സി.പി.എം പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ഭീകരവാദത്തിന്റെ നിർവചനങ്ങൾ മാറ്റിയെഴുതാൻ ശ്രമിക്കുന്നവരുടെ കപട മുഖങ്ങൾ തുറന്നുകാണിക്കാനാണ് ഈ സമ്മേളനം. ഹമാസിനെ പോലൊരു സംഘടനയ്ക്ക് ജോർദാനിലോ സൗദി അറേബ്യയിലോ കുവൈത്തിലോ യു.എ.ഇയിലോ പ്രവർത്തിക്കാൻ കഴിയില്ല. പക്ഷേ,​ കേരളത്തിൽ അവർക്ക് കഴിഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ, സി.കെ .ജാനു, വി .വി .രാജേന്ദ്രൻ, ഗിരി പാമ്പനാൽ, ബാബു പൂതംപാറ, സന്തോഷ് കാളിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.