
തിരുവമ്പാടി : ഗ്രാമപഞ്ചായത്തിലെ താഴെ തിരുവമ്പാടി, മിൽമുക്ക് പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ് . ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും കുടുംബശ്രീ, ആശ, അംഗനവാടി പ്രവർത്തകരുടെയും തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണക്ലാസ്സ് , വീട് കയറി നോട്ടീസ് വിതരണം , മൈക്ക് അനൗൺസ്മന്റ് എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭക്ഷണം ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. താഴെ തിരുവമ്പാടി, യുസിമുക്ക് , പാതിരമണ്ണ് എന്നീ പ്രദേശങ്ങളിലായി നവംബർ മാസത്തിൽ 7 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കെ.എ അബ്ദുൽമാൻ , റംല ചോലക്കൽ, കെ.എ മുഹമ്മദലി, എ. സുനീർ ,പി.പി. മുഹമ്മദ് ഷമീർ, കെ.ബി.ശ്രീജിത്ത്, കെ. ഷാജു, മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ നേതൃത്വം നൽകി.
മഞ്ഞപ്പിത്തരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പൊതുജനങ്ങൾ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ.കെ.വി. പ്രിയ അറിയിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,
കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുക ,
ഭക്ഷണം കഴിക്കുന്നതിനു മുൻപും മലവിസർജനത്തിനു ശേഷവും കൈകൾ സോപ്പിട്ടു കഴുകുക,
മഞ്ഞപ്പിത്തം ബാധിച്ചവർ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യരുത്,
ജൂസ് മറ്റു പാനീയങ്ങൾ എന്നിവ തിളപ്പിച്ചാറിയ വെള്ളത്തിൽ മാത്രം തയ്യാറാക്കുക,
രോഗി ഉപയോഗിച്ച് വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത് ,
രോഗികളായ കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്.