@ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
കോഴിക്കോട് : ഉപയോഗിച്ച സാധനങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്കായി ആശ്രയിക്കുന്ന ഒ.എൽ.എക്സ് മൊബൈൽ ആപ്ലിക്കേഷനിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകൾക്കെതിരേ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. തട്ടിപ്പിന്റെ പുതിയ തട്ടകമായി ഒ.എൽ.എക്സ് ഓൺലൈൻ കള്ളൻമാർ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. യൂണിഫോമിലുള്ള വ്യാജ മിലിട്ടറി ഐ.ഡി കാർഡുകളും ഫോട്ടോകളും ഉപയോഗിച്ചാണ് ഓൺലൈൻ കള്ളൻമാരുടെ തട്ടിപ്പ് . നഗര പരിധിയിൽ ഇത്തരത്തിലുള്ള പത്തോളം പരാതികൾ ലഭിച്ചതായി സിറ്റി പൊലീസ് അറിയിച്ചു. സൈനികനാണെന്ന് തെറ്റിദ്ധരിപ്പിച്ച്
വാഹനം മാർക്കറ്റിലുള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒ.എൽ.എക്സിൽ വിൽപ്പനയ്ക്ക് വെച്ചാണ് തട്ടിപ്പിന് തുടക്കം. പരസ്യം കണ്ട് ബന്ധപ്പെടുന്നതോടെ തട്ടിപ്പിന്റെ രണ്ടാംഘട്ടം തുടങ്ങും. 'ബംഗളൂരു മിലിറ്ററി ക്യാമ്പിൽ ജോലി ചെയ്യുന്ന സൈനികനാണെന്നും പെട്ടെന്ന് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാൽ പുതിയതായി വാങ്ങിച്ച വാഹനം കൊണ്ടുപോകാൻ വലിയ ചെലവ് വരുന്നതിനാലാണ് ചെറിയ തുകയ്ക്ക്
ഒ.എൽ.എക്സിൽ വിൽപ്പനയ്ക്ക് വച്ചതെന്നുമാവും തട്ടിപ്പുകാർ നിങ്ങളെ അറിയിക്കുക. വിശ്വാസ്യത
ഉറപ്പിക്കുന്നതിനായി യൂണിഫോമിലുള്ള വ്യാജ മിലിറ്ററി ഐ.ഡി കാർഡ്, ക്യാന്റീൻ കാർഡ് എന്നിവയും അയച്ചു തരും. ഇതെല്ലാം വിശ്വസിച്ച് വാഹനം വാങ്ങാൻ സമ്മതിച്ചാൽ തട്ടിപ്പിന്റെ മൂന്നാംഘട്ടം തുടങ്ങും.
വാഹനം അയക്കാനുള്ള കൊറിയർ ചാർജ് , ടാക്സ്, ജി.എസ്.ടി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൂടുതൽ പണം കൈക്കലാക്കും.
അഡ്വാൻസ് തുക നൽകിയ സ്ഥിതിയ്ക്ക് കൂടുതൽ പണം നൽകാമെന്ന് കരുതിയാൽ നഷ്ടത്തിന്റെ കടുപ്പം കൂടും. ഡെലിവറി ദിവസം കഴിഞ്ഞിട്ടും ഓർഡർ ചെയ്ത വാഹനം എത്താതിരിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായത് അറിയുക. അപ്പോഴേക്കും തട്ടിപ്പുകാർ നിങ്ങളെ വിളിച്ച ഫോൺ നമ്പറും ഒ.എൽ.എക്സ് അക്കൗണ്ടും ഡിലീറ്റ് ചെയ്ത് സ്ഥലം വിട്ടിട്ടുണ്ടാകും
പരാതിയുണ്ടെങ്കിൽ വിളിക്കാം
1930
വെബ്: www.cybercrime.gov.in