img20231305
അഭിലാഷ് ജംഗ്ഷനിൽ യാത്രക്കാർ ബസിൽ കയറാൻ നിൽക്കേണ്ട സ്ഥലം

മുക്കം: ഇവിടെ ബസ് സ്റ്റോപ്പുണ്ടായിരുന്നു. ഇപ്പോഴും ബസ് കാത്തു നിൽക്കാനും ബസിൽ കയറാനും യാത്രക്കാരുമുണ്ട്. എന്നാൽ ഇവർക്ക് കാത്തിരിക്കാനോ കാത്തു നിൽക്കാനോ ഇടമില്ലെന്നു മാത്രമല്ല ബസ് സ്റ്റോപ്പിൻ്റേതായ യാതൊരടയാളവും ഇവിടെയില്ല. അനധികൃതമായി കാറുകളും മറ്റു വാഹനങ്ങളും പാർക്കു ചെയ്യുന്നതു മൂലം ബസുകൾ നിർത്താനും യാത്രക്കാർക്ക് കയറാനും ഇടമില്ല.റോഡിലേക്ക് ഇറങ്ങി നിന്നാണ് ഇപ്പോൾ യാത്രക്കാർ ബസു കയറുന്നത്. അങ്ങാടിയിലെ അഭിലാഷ് ജംഗ്ഷനിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിൻ്റെ മുന്നിലാണ് ഈ ബസ് സ്റ്റോപ്പ്. രണ്ടു ബസ് സ്റ്റാൻറുകളുള്ള മുക്കത്ത് അവയ്ക്കു പുറമെ അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലുള്ള മൂന്നു ബസ് സ്റ്റോപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. അങ്ങാടിയിൽ നിന്നു പടിഞ്ഞാറു ഭാഗത്തേക്കുള്ള മൂന്നു പ്രധാന റൂട്ടുകളിൽ പോകേണ്ടവരാണ് ഇവിടെ ബസു കയറാനെത്തുക. സ്വകാര്യ മെഡിക്കൽ കോളേജ്, ഗവ.മെഡിക്കൽ കോളേജ്, എൻഐടി കുന്ദമംഗലം, കോഴിക്കോട് ഭാഗത്തേക്കും ഓമശ്ശേരി താമരശേരി കൊയിലാണ്ടി ഭാഗത്തേക്കും തിരുവമ്പാടി ആനക്കാംപൊയിൽ കൊടഞ്ചേരി ഭാഗത്തേക്കും പോകേണ്ടവരാണ് ഇവിടെ കാത്തിരിക്കുക. ഈ ഭാഗത്തേക്ക് പോകുന്നവർ എവിടെ നിൽക്കണം എന്നതിന് ഷെൽട്ടറോ ബോർഡോ മറ്റെന്തെങ്കിലും അടയാളമോ ഇവിടെയില്ല. ഇതു തന്നെയാണ് ഇവിടെ ബസുകൾ നിർത്താതെ പോകുന്നതിൻ്റെ കാരണവും. നഗരം നവീകരിച്ചപ്പോളാണ് ഇവിടെയുണ്ടായിരുന്ന ബസ് വെയ്റ്റിംഗ് ഷെഡ് ഇല്ലാതായത്. നടപ്പാതയടക്കം പല സൗകര്യങ്ങളും വന്നപ്പോൾ ഇത് അപ്രത്യക്ഷമായി. നഗരസൗന്ദര്യവത്കരണത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ട് 10 മാസമായി. ഇനി ആരംഭിക്കാനിരിക്കുന്ന രണ്ടാം ഘട്ട പ്രവൃത്തിയിലെങ്കിലും ഇവിടെ ഷെഡ് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.