1
1

പേരാമ്പ്ര: കലയുടെ വിസ്മയ കാഴ്ചകളുമായി പേരാമ്പ്ര ചിലങ്കകെട്ടി. കടുത്ത ചൂടിനെ പോലും തോൽപ്പിക്കുന്ന പോരാട്ടച്ചൂടുമായി ജില്ല സ്കൂൾ കലോത്സവത്തിന് പേരാമ്പ്രയിൽ തുടക്കമായി. ആറ് വർഷത്തിന് ശേഷം വന്ന കലോത്സവത്തിന്റെ ആവേശത്തിലായിരുന്നു പേരാമ്പ്രക്കാർ.

ആദ്യദിനം തന്നെ ഗ്ലാമർ ഇനങ്ങളായ നാടകവും നൃത്തങ്ങളും മോണോ ആക്ടുമെല്ലാം വേദിയിലെത്തി. ഒന്നാം വേദിയായ സബർമതിയെ ആവേശത്തിലാക്കി തിരുവാതിരകളി അരങ്ങേറി. കേരള നടനം, ഭരതനാട്യം, മാപ്പിളപ്പാട്ട്, കഥകളി എന്നിവയെല്ലാം ആസ്വാദകരുടെ മനം കവർന്നു.

18 വേദികളെ മത്സരങ്ങളെയും ആസ്വാദകർ നെഞ്ചേറ്റി. മത്സരങ്ങൾ പല വേദികളിലും വൈകിയാണ് സമാപിച്ചത്. കലോത്സവം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇ .കെ. വിജയൻ എം.എൽ.എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ലോഗോ ഉപഹാര സമർപ്പണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, താമരശ്ശേരി ഡി ഇ ഒ മൊനിയുദ്ധീൻ എന്നിവർ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ബി.ബി ബിനീഷ് നന്ദിയും പറഞ്ഞു. ജനപ്രതിനി നികൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ സന്നിഹിതരായിരുന്നു.

ഡിസംബർ എട്ട് വരെ പേരാമ്പ്രയിലാണ് കലോത്സവം. 19 വേദികളിലായി ഇന്ന് മുതൽ കലാമത്സരങ്ങളും ആരംഭിച്ചു. 17 ഉപജില്ലകളിൽ നിന്നായി പതിനായിരത്തോളം കലാപ്രതിഭകളാണ് പേരാമ്പ്രയിലെത്തുന്നത്.