1
1

പേരാമ്പ്ര : പണത്തിനുമപ്പുറം കലയാണ് കലോത്സവത്തിൽ തിളങ്ങുകയെന്ന് തെളിയിക്കുകയാണ് കൊയിലാണ്ടി സ്വദേശി നേഹ എസ്. ഭൂവനേശ്വർ. ഇന്നലെ നടന്ന ജില്ലാ കലോത്സവത്തിലും കേരള നടനത്തിലും നാടോടി നൃത്തത്തിലും നേഹ ഒന്നാമതെത്തി.

സാമ്പത്തികമായി മുന്നിലല്ലാത്ത നേഹയെ ഫീസുകളൊന്നും ഇല്ലാതെയാണ് മധുസൂദനൻ മാസ്റ്റർ നൃത്തം പഠിപ്പിക്കുന്നത്. കലാവാസനയും കഴിവുമാണ് കലാകാരനിൽ മുന്നിട്ട് നിൽക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മേക്കപ്പ് ആർടിസ്റ്റുകളായ രാകേഷും ഷാജിയും അത് ശരിവെക്കുന്നു. അദ്ദേഹവും ദക്ഷിണയിൽ കവിഞ്ഞു മറ്റൊന്നും ഫീസായി വാങ്ങുന്നില്ല. കല തന്നെയാണ് മുന്നിട്ടു നില്കുന്നതെന്ന് പറഞ്ഞുകൊണ്ട് നാലാം തവണയാണ് നേഹ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം സംസ്ഥാനകലോത്സവത്തിൽ കേരളനടനത്തിനും നാടോടി നൃത്തത്തിനും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

ചെറുപ്പത്തിലേ ഡാൻസ് പഠിക്കാൻ തുടങ്ങിയ നേഹയെ ചുവടുവെക്കാൻ പഠിപ്പിച്ചത് ഡാൻസ് ടീച്ചറായ അമ്മ ഷിങ്കിയാണ്. സ്കൂൾ സമയം മുതലാണ് ശാസ്ത്രീയമായി നൃത്തം പഠിക്കാൻ തുടങ്ങിയത്. സ്കൂളുകളിലും മറ്റും ഡാൻസ് പഠിപ്പിക്കാൻ പോയാണ് അവർ കുടുംബം പോറ്റുന്നത്. മകളിലെ കലാവാസനയെ പ്രോത്സാഹിപ്പിക്കുന്ന അമ്മ, എല്ലാ മത്സരങ്ങൾക്കും തിരുത്തിയും അഭിനന്ദിച്ചും കൂടെയുണ്ട്.