
കോഴിക്കോട്: ഏറ്റവും ഉയരത്തിൽ ചാടി അടിക്കുന്നവരുടെ വോളിബോൾക്കാലമൊക്കെക്കഴിഞ്ഞു. നിന്നടിക്കാം, നിന്നുകൊണ്ട് ബ്ലോക്ക് ചെയ്യാം. അത്രയും ഉയരമുള്ളവരാണ് കേരളത്തിൽ നിന്ന് വോളിബോളിലേക്ക് വരുന്നത്. കോഴിക്കോട് സായ്‌യിൽ (സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) നിന്നും രാജ്യം തൊടാൻ വളരുന്ന വോളിബോൾ കുട്ടികളുടെ ഉയരം രണ്ടുമീറ്ററിന് മുകളിലാണ്. എതിർകോർട്ടുകാരുടെ അറ്റാക്കിനെ ജമ്പ് ചെയ്യാതെ നിന്ന് ബ്ലോക്ക് ചെയ്യാൻ കഴിയുന്നവർ. നെറ്റിന് മുകളിലേക്ക് അരയടിയോളം കൈ നീണ്ടാൽ പിന്നെന്തിന് ചാടി ബ്ലോക്ക് ചെയ്യണമെന്ന് പിള്ളേർ. 30പേർ വോളീബോൾ പഠിക്കുന്നുണ്ട് കോഴിക്കോട് സായ്‌യിൽ. അതിൽ ഒരു കോർട്ടിലേക്ക് വേണ്ട ആറുപേരുടെയും രണ്ടുമീറ്ററിന് മുകളിൽ. 18പേർ 1.99ന് മുകളിൽ. കണ്ണുതള്ളിപ്പോവും അവരിങ്ങനെ നെറ്റിന് മുകളിൽ കൈവച്ച് നിൽക്കുമ്പോൾ.
ഇന്ത്യൻ വോളിബോളിന്റെ അഭിമാന താരം സുബ്ബറാവുവായിരുന്നു നീളത്തിൽ മുമ്പൻ. രണ്ട് മീറ്ററും ഏഴ് സെന്റീമീറ്ററും. സുബ്ബറാവു നിന്നടിക്കും. ഇത്തിരിച്ചാടിയാൽ എതിർകോർട്ടുകാരുടെ ബ്ലോക്കുകൾക്ക് മുകളിലൂടെ ഫസ്റ്റ് ലൈനിൽ പന്ത് മിന്നൽപ്പിണരാവും. ആ സുബ്ബറാവുവിനൊപ്പം വളരുകയാണ് സായ്‌യിലെ കുട്ടികൾ. കോഴിക്കോട് മായനാട് സ്വദേശിയായ ദീക്ഷിത്ത് മികച്ച അറ്റാക്കറാണ്. ഇപ്പോൾതന്നെ ഉയരം 2.6 മീറ്റർ. മഹാരാഷ്ട്രക്കാരൻ ഹൃത്വിക് സുഭാഷിന് 2.1 മീറ്റർ. കൊല്ലംകാരൻ ഋതുൽനാഥിനും ഷെർവിനും അഭിജിത്തിനും ജോനാനും അൽ അമീനും രണ്ടുമീറ്റർ. പരിശീലനം കഴിഞ്ഞിറങ്ങുമ്പഴേക്കും ഇവരുടെ ഉയരം ഇനിയും കൂടുമെന്ന് കോച്ചും സായി സെന്റർ ഇൻചാർജുമായ ലിജോ.ഇ.ജോൺ. സെന്ററിലേക്ക് സെലക്ഷന് കളിമികവ് മാനദണ്ഡമല്ല. ഉയരം മാത്രമാണ് വേണ്ടത്. 1.90 മീറ്റർ ഉയരമുള്ളവരെ എടുക്കും. വോളിബോൾ പിന്നീട് പഠിപ്പിക്കുകയാണ് രീതി. കോഴിക്കോട് സായ് സെന്ററിൽ പഠിച്ച് വളർന്നവരാണ് ഇന്ത്യൻ വോളിബോളിലെ മിന്നും താരങ്ങൾ പലരും. അർജുന അവാർഡ് ജേതാവ് ടോംജോസഫും കിഷോറും ദീർഘകാലം ഇന്ത്യൻക്യാപ്ടനായ വിപിനുമടക്കം എത്രയോ ഉദാഹരണങ്ങൾ. ഇവരിൽ ടോമിനായിരുന്നു എറ്റവും പൊക്കം. 1.99 മീറ്റർ. ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യൻ പുരുഷന്റെ ശരാശരി ഉയരം164.9 സെ.മീറ്ററും സ്ത്രീയുടേത് 152.6മാണ്. അപ്പോഴാണ് സായിയിലെ വളരുന്ന വോളിബോൾതാരങ്ങളുടെ കളി കാര്യമാവുന്നത്.