പേരാമ്പ്ര: ഓരോ ചുവടിലും വീണുപോവുമോ എന്ന ഭയം ജനിപ്പിക്കുന്ന നിലവാരമില്ലാത്ത സ്റ്റേജ്. ഇടയ്ക്കൊന്ന് വഴുതി, ചോരയും പൊടിഞ്ഞു. ഒടുവിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിന്റെ ഫലം വന്നപ്പോൾ ആദ്രിനാഥിന്റെ ആശങ്കയ്ക്ക് വിരാമം. ആദ്യ ജില്ല കലോത്സവത്തിൽ തന്നെ ഈ എട്ടാം ക്ലാസുകാരൻ ഒന്നാമനായി. കരിന്തണ്ടന്റെ പോരാട്ടവും വേദനയുമാണ് ആദ്രിനാഥ് പകർന്നാടിയത്. സിനിമാറ്റിക് ഡാൻസ് അഭ്യസിക്കുന്ന ആദ്രിനാഥ് ഈ വർഷമാണ് നാടോടി നൃത്തം അഭ്യസിച്ചു തുടങ്ങിയത്. ആദ്യ കലോത്സവത്തിൽ തന്നെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടാൻ സാധിച്ചു. നിലവാരമില്ലാത്ത സ്റ്റേജിനോട് കൂടിയായിരുന്നു അവന്റെയും സഹമത്സരാർത്ഥികായ മറ്റ് പേരുടെയും പോരാട്ടം. സ്റ്റേജിലെ മാറ്റ് നീങ്ങിയതിനാൽ കാലിന് പരിക്കറ്റു. വേദി അറിൽ നടന്ന മത്സരം ഇടയ്ക്ക് നിറുത്തി വെക്കേണ്ട സാഹചര്യവും ഉണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആദ്രിനാഥ്. കുറ്റിക്കാട്ടൂർ കോരച്ച കുഴി മീത്തൽ രെജിലേഷിന്റെയും മോനിഷയുടെയും മകനാണ്.