പേരാമ്പ്ര : സ്കൂൾ നാടക മത്സര വേദിക്കരികിൽ പേരാമ്പ്രക്കാരുടെ അമ്മദ്ക്കയുണ്ട് കാഴ്ചക്കാരന്റെ വേഷത്തിൽ. ഈ മണ്ണിൽ വേരൂന്നി ഏഴ് പതിറ്റാണ്ടായി കേരളത്തിലെ അരങ്ങുകൾ മുഴുക്കെ പടർന്നു പന്തലിച്ച അഭിനയ ചക്രവർത്തി . കഴിഞ്ഞ രണ്ടു ദിവസവും കുട്ടികളുടെ ഓരോ നാടകവും സസൂഷ്മം ആസ്വദിക്കുകയാണ് മുഹമ്മദ് പേരാമ്പ്ര. രാഷ്ട്രീയക്കാരും മതക്കാരും പറയാൻ മടിക്കുന്നതെല്ലാം വിളിച്ചു പറയാൻ പുതുതലമുറ നാടകക്കാർക്കും മടിയൊന്നുമില്ലെന്നാണ് ഈ നാടകാചാര്യന്റെ നിരീഷണം. എങ്കിലും നാടക വഴിയിലെത്തുന്ന കുഞ്ഞുങ്ങളെല്ലാം മത്സരക്കളരിക്കപ്പുറത്ത് നാടകത്തെ തൊട്ടറിയുന്നുണ്ടോ എന്ന ആശങ്കയും പങ്കു വയ്ക്കുന്നു. പലതും പറഞ്ഞ് കലയെ തീണ്ടാപ്പാടകലെ നിർത്തിയവർ പോലും അതേറ്റെടുക്കുന്നത് കാണുമ്പോൾ അത്‌ കാലത്തിന്റെ കാവ്യനീതിയായി കാണുകയാണ് നാടകം ജീവിതമാക്കിയതിന്റെ പേരിൽ ഭ്രഷ്ടും പരിഹാസവുമേറ്റ് തളരാതെ നടന്ന ഈ ധീര കഥാപാത്രം.