പേരാമ്പ്ര: കായിക രംഗത്ത് ഉയരങ്ങൾ കീഴടക്കുന്ന ആൽബ മനോജ് കലോത്സ വേദിയും കീഴടക്കി. ഹയർസെക്കൻഡറി വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ എഗ്രേഡ് നേടി. സംസ്ഥാനസ്‌കൂൾ കായികോത്സവത്തിൽ ഹൈജംപിൽ അൽബ മനോജ് വെള്ളി നേടിയിരുന്നു. നാഷണൽ മീറ്റിന് ഈമാസം പുറപ്പടെനിരിക്കയാണ് കലാരംഗത്തെ നേട്ടം. ഹൈജംപ് പരിശീലനത്തിനിടെയാണ് ആൽബ സമയം കണ്ടെത്തി ഓട്ടൻതുള്ളലിൽ ഒരുകൈ നോക്കിയത്. പുല്ലൂരാംപാറ ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു സയൻസ് വിദ്യാർത്ഥിനിയാണ്. കാലിന് പരിക്കേറ്റ് മാസങ്ങളോളം വിശ്രമത്തിലായിരുന്നെങ്കിലും ശക്തമായി തിരിച്ചു വന്നു. ഓട്ടൻ തുള്ളൽ കലാകാരൻ പ്രഭാകരൻ പുന്നശ്ശേരിയുടെ കീഴിലാണ് പഠനം. ഒന്നാം ക്ലാസ് മുതൽ നൃത്തവും അഞ്ചാം ക്ലാസ് മുതൽ സ്പോർട്സിലും പരിശീലനം നടത്തുന്നുണ്ട്. കായികമത്സരവും കലാപഠനവും ഒന്നിച്ചുകൊണ്ടുപോകണമെന്നാണ് ആൽബയുടെ ആഗ്രഹം. മോഹിനിയാട്ടം ,ഭരതനാട്യം എന്നിവയും പരിശീലിക്കുന്നുണ്ട്. കുന്ദമംഗലം സ്വദേശി മനോജിന്റെയും അനുപമയുടെയും മകളാണ്.