
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ പെട്ട് ഡോക്ടർക്ക് ദാരുണാന്ത്യം. കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലെ കൺസൾട്ടന്റ് കോവൂർ പാലാഴി എം.എൽ.എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) മരിച്ചത്.
ഇന്നലെ രാവിലെ 10.15ഓടെയാണ് സംഭവം. കണ്ണൂരിലേക്ക് പോകാനായി സ്‌റ്റേഷനിലെത്തിയപ്പോൾ ഇവർക്ക് പോകേണ്ടിയിരുന്ന എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ് പ്രസ് പുറപ്പെട്ടിരുന്നു. ഇത് കണ്ട് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ആർ.പി.എഫ് ഉദ്യോഗസ്ഥൻ തടഞ്ഞു. എന്നാൽ ട്രെയിൻ പതുക്കെയായപ്പോൾ ഇവർ വീണ്ടും ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നിയന്ത്രണം വിട്ട് വീഴാൻ പോവുകയായിരുന്ന ഇവരെ യാത്രക്കാരും ആർ.പി.എഫ് ഉദ്യോഗസ്ഥനും ചേർന്ന് താങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണിരുന്നു. ഉടൻ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ ആർ.പി.എച്ച് ലാബിലെ സീനിയർ മെഡിക്കൽ ഓഫീസറായിരുന്ന ഇവർ കഴിഞ്ഞ ജൂണിലാണ് കണ്ണൂരിലേക്ക് മാറിയത്. മണലായ രുഗ്മിണി കോവിലമ്മയുടെയും പരേതനായ വി.ജനാർദ്ദനൻ ഏറാടിയുടെയും മകളാണ്. ഭർത്താവ്: പി.ടി.ശശിധരൻ (സയന്റിസ്റ്റ്, കോഴിക്കോട് എൻ.ഐ.ഇ.എൽ.ഐ.ടി). മക്കൾ: ജയശങ്കർ (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു), ജയകൃഷ്ണൻ (എൻജിനീയറിംഗ് വിദ്യാർത്ഥി, സ്വീഡൻ). സഹോദരൻ: ഡോ. എം.സുരേഷ് (ഐ.ഐ.ടി, ചെന്നൈ). സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് മാങ്കാവ് ശ്മശാനത്തിൽ.