zfgvbz

@ മുന്നറിയിപ്പുകൾ ജീവനുവേണ്ടി

കോഴിക്കോട് : ജീവിത തിരക്കിൽ ട്രെയിൻ യാത്ര സാഹസികമാക്കിയാൽ പൊലിയുക വിലപ്പെട്ട ജീവൻ. അപകടകരമാംവിധം പാളം മുറിച്ച് കടക്കൽ, ഓടുന്ന ട്രെയിനിൽ ചാടിക്കയറൽ, വാതിൽപ്പടിമേൽ നിന്നുള്ള യാത്ര തുടങ്ങി നിരവധി നിയമ ലംഘനങ്ങളാണ് ദിവസവും നടക്കുന്നത്. പൊലിയുന്ന ജീവനുകൾക്കും കണക്കില്ല. ബോധവത്കരണവും നിയമ നടപടികളും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെങ്കിലും യാത്രക്കാർ അതൊന്നും കൂസാത്ത മട്ടാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഡോക്ടറുടെ ജീവൻ പൊലിഞ്ഞത് ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ്. കണ്ണൂരിലെ ജോലി സ്ഥലത്ത് എത്താൻ വൈകുമോയെന്ന വേവലാതിയാണ് റെയിൽവേ പൊലീസ് തടഞ്ഞിട്ടും ഡോക്ടറെ പുറപ്പെട്ട ട്രെയിനിൽ ചാടിക്കയറാൻ പ്രേരിപ്പിച്ചത്.

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതും ട്രെയിൻ മുന്നിലെത്തിയാലും ട്രാക്ക് മിറിച്ചുകടക്കാൻ ശ്രമിക്കുന്നതുമാണ് മിക്ക അപകടങ്ങൾക്കും കാരണം. കാഴ്ചയിൽ ദൂരെയായി തോന്നുന്ന ട്രെയിൻ അടുത്തെത്താൻ നിമിഷ നേരം മതി. ഒന്നു കുതറി മാറാൻ പോലും സമയം കിട്ടില്ല. ട്രെയിൻ സ്റ്റേഷനിലെത്തിയാൽ പ്ലാറ്റ്ഫോമിലിറങ്ങാതെ ട്രാക്കിലിറങ്ങി മുറിച്ചുകടക്കുന്നതും ട്രെയിനുകൾ സ്റ്റേഷൻ വിടുമ്പോൾ ഇറങ്ങുന്നതും കയറുന്നതും ട്രാക്കിലിരുന്ന് മദ്യപിക്കുന്നതും പാളത്തിലെ സാഹസിക പ്രകടനങ്ങളും സെൽഫിയെടുക്കലും അപകടം വിളിച്ച് വരുത്തുന്ന പല വഴികളാണ്.

പാളത്തിൽ അതിക്രമിച്ച് പ്രവേശിക്കുന്നത് ആറു മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെന്നും അറിഞ്ഞിട്ടും 'സാഹസികർ' അതൊന്നും ഗൗനിക്കാറില്ല. നേരത്തെ പാളത്തിൽ നിന്ന് ആളുകളെ അകറ്റാൻ ട്രെയിൻ ഓടുമ്പോഴുള്ള ശബ്ദത്തിന് കഴിഞ്ഞിരുന്നെങ്കിൽ ശബ്ദം കുറഞ്ഞ ഇലക്ട്രിക് എൻജിനുകൾ വന്നതോടെ അപകടത്തിന്റെ തോത് കൂടിയെന്നാണ് റെയിൽവേ പറയുന്നത്.

നിയമം തെറ്റിച്ചാൽ പിടിവീഴും

വാതിൽപടികളിൽ ഇരുന്നോ നിന്നോ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. പിടികൂടിയാൽ ആറുമാസംവരെ തടവും 500 മുതൽ 1000 വരെ പിഴയും കിട്ടിയേക്കാം. അനധികൃതമായി പാളം മുറിച്ചുകടക്കുന്നവർക്കും ശിക്ഷ ഇതുതന്നെ. പാളത്തിന് സമീപം വീടുകളുള്ളവർ മിക്കപ്പോഴും പാളം മുറിച്ചു കടക്കുന്നത് പതിവാണ്. പാളങ്ങൾ മദ്യപ സംഘങ്ങളുടെയും കേന്ദ്രമായി മാറുന്നുണ്ട്. പാളത്തിലിരുന്നുള്ള മദ്യപാനം പിടിക്കപ്പെട്ടാൽ 2000 രൂപ വരെയാണ് പിഴ. കാട് മൂടിക്കിടക്കുന്ന പാളത്തിന്റ വശങ്ങളിൽ സാമൂഹ്യവിരുദ്ധർ കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്നതും പതിവാണ്. ഇവിടങ്ങളിൽ പൊലീസിനോ റെയിൽവേക്കോ എത്തിപ്പെടാൻ സാധിക്കാത്തതും പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു.

'വേഗത്തിലും സമയത്തും എത്താനാണ് പലരും റെയിൽവേ മുന്നറിയിപ്പ് അവഗണിച്ചും യാത്ര ചെയ്യുന്നത്. അപകടം കൂടിവരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കും' .ആർ.പി.എഫ്, ഇന്ത്യൻ റെയിൽവേ.