കോഴിക്കോട്: കാലിഫോർണിയയിലേക്ക് പോകുന്ന കപ്പലിനെ ദുബായ് വഴി തിരിച്ചുവിട്ട് ഒടുക്കം ദാസനെയും വിജയനെയും ചെന്നൈയിലെത്തിച്ച ഗഫൂർക്കയുടെ (മാമുക്കോയ) നാട്ടിൽ നിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ. കാണാൻ മാമുക്കോയ ഇല്ലെങ്കിലും ബേപ്പൂരിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതിയോടെ സംസ്ഥാനം നടപടി തുടങ്ങി.

കൊച്ചി വഴിയായിരിക്കും സർവീസ്. പ്രവാസികളിൽ ഭൂരിപക്ഷം മലബാറിൽ നിന്നാണ്. അതുകൊണ്ടാണ് ബേപ്പൂരിൽ നിന്നു തുടങ്ങുന്നത്. ജനുവരി ആദ്യം ടെൻഡർ വിളിക്കുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. സ്വകാര്യ സംരംഭകർക്കും കേന്ദ്ര സർക്കാർ പങ്കളിത്തമുള്ള കമ്പനികൾക്കും ടെൻഡറിൽ പങ്കെടുക്കാം.

അടിക്കടിയുള്ള വിമാന ടിക്കറ്റ് വർദ്ധന പ്രവാസികളെ വലയ്ക്കുന്നതിനാൽ കപ്പൽ സർവീസ് വേണമെന്ന ആവശ്യം ഏറെനാളായി ഉരുന്നുണ്ട്. ടൂറിസ്റ്റുകൾക്കും ഗുണം ചെയ്യും. ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ പിന്തുണച്ചാൽ വേഗത്തിൽ സർവീസ് തുടങ്ങാനാവുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ പറഞ്ഞു. കപ്പൽ സർവീസിനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം, മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി എന്നിവർ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ഹൈബി ഈഡൻ എം.പി പാർലമെന്റിൽ വിഷയം ഉന്നയിച്ചപ്പോൾ കേന്ദ്രമന്ത്രി സർബാനന്ദ സോനാവാളും പച്ചക്കൊടികാട്ടി.

ഒരു യാത്രയിൽ

2000 പേർ

# 1000 മുതൽ 2000 യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന കപ്പലാണ് പരിഗണിക്കുന്നത്.

# അതായാൽ ടിക്കറ്റ് നിരക്ക് പതിനായിരം രൂപയിൽ ഒതുക്കാൻ കഴിയും.

# യാത്രയ്ക്ക് അഞ്ചു ദിവസം വേണ്ടിവരും.