@ സ്ഥാപിച്ചത് മുതൽ തകരാർ
കോഴിക്കോട്: മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എക്‌സറേ പണിമുടക്ക് പതിവായിട്ടും അധികൃതർക്ക് കുലുക്കമില്ല. ഗുരുതരമായി പരിക്കേറ്റവരെയും അത്യാസന്ന നിലയിൽ കൊണ്ടുവരുന്നവരെയും കൊണ്ടുള്ള നെട്ടോട്ടമാണ് മെഡിക്കൽ കോളേജിൽ. പി.എം.എസ്.എസ്.വൈ സൂപ്പർ സ്വെഷ്യാലിറ്റി അത്യാഹിത വിഭാഗത്തിലെ എക്‌സറേ മെഷീൻ കഴിഞ്ഞ ഒരാഴ്ചയായി ചത്തുകിടപ്പാണ്. അത്യാഹിത വിഭാഗം പുതിയ ബ്ലോക്ക് തുറന്ന് ഒമ്പതുമാസത്തിനിടെ നിരവധി തവണയാണ് മെഷീൻ കേടായത്. ഇതുസംബന്ധിച്ച് പരാതികൾ കുന്നുകൂടിയിട്ടും പ്രശ്‌ന പരിഹാരത്തിന് അധികൃതർ തയ്യാറാവാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് എത്തുന്നവരെയും അത്യാസന്നനിലയിൽ എത്തുന്നവരെയും 300 മീറ്റർ അകലെ മെഡി. കോളേജ് ജനൽ ആശുപത്രി ബ്ലോക്കിൽ എത്തിച്ചാണ് എക്‌സറേ എടുക്കുന്നത്. ഇത് രേഗികൾക്ക് ചികിത്സ വൈകാൻ ഇടയാക്കുന്നു. കൈകാലുകൾക്ക് പരിക്കേറ്റവരെ ട്രോളികളിലും വീൽചെയറുകളിലും ലിഫ്റ്റ് വഴി മുകളിലെത്തിച്ച് ആകാശപാത വഴി നേരത്തെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളേജ് ആശുപത്രി കോംപ്ലക്‌സിൽ എത്തിക്കണം. അവിടെ 14ാം ബ്ലോക്കിൽ നിന്ന് പരിശോധനയ്ക്ക് വിധേയരാവുന്ന രോഗികൾക്ക് റിപ്പോർട്ട് ലഭിക്കണമെങ്കിൽ 100 മീറ്റർ കൂടി പോയി മെയിൻ കൗണ്ടറിൽ ചെന്ന് പണം അടയ്ക്കണം. ഇതെല്ലാം കഴിയുമ്പോഴേക്കും ചികിത്സ മണിക്കൂറുകൾ വൈകും.
സൂപ്പർ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗത്തിലെ എക്‌സറേ കേടായാൽ പ്രവർത്തനക്ഷമമാകാൻ ആഴ്ചകൾ കഴിയണം എന്നതാണ് അവസ് . സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണ കരാർ എടുത്ത എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന 'ഹൈക്ക് ' ആണ് അത്യാഹിത വിഭാഗത്തിൽ എക്‌സറേ മെഷീൻ സ്ഥാപിച്ചത്. ഒരുദിവസം 400ൽ അധികം എക്‌സറേ എടുക്കേണ്ടിവരുന്ന അത്യാഹിത വിഭാഗത്തിന് യോജിച്ചതല്ല ഇതെന്ന് മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും പുതിയ സംവിധാനം ഏർപ്പെടുത്താതെ അനാസ്ഥ തുടരുകയാണ്.