prajeesh

സുൽത്താൻ ബത്തേരി : പുല്ലരിയാൻ പോയ യുവാവിനെ കടുവ കൊന്നു തിന്നു. വാകേരി മൂടക്കൊല്ലി മരോട്ടി തടത്തിൽ പ്രജീഷാണ് (36) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മൂടക്കൊല്ലിക്കടുത്ത് നാരായണപുരത്താണ് കടുവ പാതി തിന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ക്ഷീരകർഷകനായ പ്രജീഷ് പതിവുപോലെ രാവിലെ വാഹനവുമായി വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പുല്ലരിയാൻ പോയതാണ്. വൈകിയും കാണാതായതോടെ അമ്മ ശാരദ അയൽവാസികളോട് വിവരം പറയുകയായിരുന്നു. തുടർന്ന് സഹോദരനും അയൽവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം കടുവ സമീപത്ത് തന്നെയുണ്ടായിരുന്നു. ഇവരെ കണ്ടതോടെ കടുവ ശബ്ദമുണ്ടാക്കി മാറി.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ചെതലയം റെയ്ഞ്ചിൽ ഇരുളം ഫോറസ്റ്റ് സെക്‌ഷനിൽപെടുന്ന ഭാഗത്താണ് സംഭവം. ഇരുഭാഗവും കാപ്പിത്തോട്ടവും മദ്ധ്യത്തിലായി പുല്ല് വളർന്ന് നിൽക്കുന്ന വയലുമാണ്. പുല്ലരിഞ്ഞ് കൊണ്ടിരുന്ന സ്ഥലത്ത് നിന്ന് 20 മീറ്ററോളം മാറിയാണ് മൃതദേഹം കിടന്നത്. ഇവിടേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതിന്റെ അടയാളവുമുണ്ട്. പ്രജീഷ് അവിവാഹിതനാണ് . പിതാവ്: പരേതനായ കുട്ടപ്പൻ. സഹോദരങ്ങൾ: മജീഷ്,​ ജിഷ,
പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലുക, നഷ്ടപരിഹാരം നൽകുക, എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അതിനിടെ,​ ഡി.എഫ്.ഒ ഷജന കരീം സ്ഥലത്തെത്തി ജനപ്രതിനിധികളുമായി ചർച്ച നടത്തി. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. എല്ലാ സുരക്ഷയും സഹായവും നൽകാമെന്ന് ഡി.എഫ്.ഒ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി. ഒമ്പത് വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ ഏഴ് പേരാണ് ജില്ലയിൽ കൊല്ലപ്പെട്ടത്.