1
s

പേരാമ്പ്ര: പേരാമ്പ്രയുടെ അഞ്ച് ദിനരാത്രങ്ങളെ രാഗതാളലയ സാന്ദ്രമാക്കിയ

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയ കിരീടം ചൂടി കോഴിക്കോട് സിറ്റി ഉപജില്ല. കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 914 പോയിന്റുമായാണ് സിറ്റി ഉപജില്ലയുടെ കിരീടനേട്ടം. 848 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 819 പോയിന്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്കൂളുകളിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 332, 297, 236 എന്നിങ്ങനെയാണ് സ്കൂളുകളുടെ പോയിന്റ് നില. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ കോഴിക്കോട് സിറ്റിയാണ് ഒന്നാമത്. ഹെെസ്കൂൾ വിഭാഗത്തിൽ കൊയിലാണ്ടിയും ഹയർസെക്കൻഡറി വിഭാഗത്തിൽ ചേവായൂരുമാണ് രണ്ടാമത്. യു.പി വിഭാഗത്തിൽ ഫറോക്ക് വിജയിച്ചപ്പോൾ കുന്നുമ്മൽ രണ്ടാമതെത്തി. യു.പി വിഭാഗത്തിൽ ഫറോക്ക്, കുന്നുമ്മൽ ഉപജില്ലകളാണ് ഒന്നും രണ്ടും സ്ഥാനത്ത്.

സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ മേലടിയും ഹെെ സ്കൂൾ വിഭാഗത്തിൽ ബാലുശ്ശേരിയും ചാമ്പ്യന്മാരായി. അതേസമയം യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ കൊയിലാണ്ടി, നാദാപുരം, താമരശ്ശേരി ഉപജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. ഹെെസ്കൂൾ വിഭാഗത്തിൽ നാദാപുരം ഒന്നാമതെത്തി.

ഡിസംബർ മൂന്ന് മുതൽ എട്ട് വരെ പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ 19 വേദികളിലാണ് കലോത്സവം അരങ്ങേറിയത്. 17 സബ് ജില്ലകളിൽ നിന്നായി 10,000 ഓളം കലാ പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്.

മികച്ച സംഘാടനവും നാട്ടുകാരുടെ സഹകരണവും മാതൃകയായി(ബോക്സ്)

പേരാമ്പ്ര: പേരാമ്പ്രയുടെ പൂരമായി മാറിയ റവന്യൂ ജില്ലാ സ്കൂൾ മേളയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രതിഭകളുടെ മികവാർന്ന പ്രകടനങ്ങളും രാവുകളെ പകലാക്കിയ നിറഞ്ഞ സദസുകളും ശ്രദ്ധേയമായി .മൂകാഭിനയം, നാടൻപാട്ട്, ബാൻ്റ് വാദ്യം എന്നീ മത്സരവേദികളിലെ വിധി നിർണ്ണയത്തിലെ ആരോപണങ്ങൾ ഒഴിച്ചു നിർത്തിയാൽ മേള സമാധാനവും മാതൃക പരവുമായിരുന്നു . എൻ എസ് എസ് ,സ്കൗട്ട്, ഗൈഡ്സ്, പൊലീസ് ,ഫയർഫോഴ്സ്, വിവിധ മെഡിക്കൽ സംഘങ്ങൾ ,വിവിധ സബ് കമ്മിറ്റികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ പ്രയത്നങ്ങളും സേവനങ്ങളും മേളയ്ക്ക് മാറ്റേകി.