കോഴിക്കോട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. കൊല്ലം കൊയിലാണ്ടി സ്വദേശി കെ.വി ഷാനിദ് (29) ആണ് പിടിയിലായത്. മുമ്പും പലതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി ആഢംബര ജീവിതം നയിക്കാനും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിനും വേണ്ടിയാണ് മോഷണം നടത്തുന്നത് എന്നാണ് പൊലീസിന് നൽകിയ മൊഴി. പൊലീസ് പിടിയിലാകാതിരിക്കാൻ പല സ്ഥലങ്ങളിലും മാറിമാറി താമസിക്കുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ, മലപ്പുറം,തൃശ്ശൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പോക്‌സോ,കവർച്ച തുടങ്ങി വിവിധ കേസുകൾ ഇയാളുടെ പേരിലുണ്ട്.
ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ബൈക്ക്, മൊബൈൽ ഫോൺ, അതിഥി തൊഴിലാളികളുടെ ഫോൺ, പണം, ഭണ്ഡാരങ്ങൾ എന്നിവ കവർന്ന കേസുകളിലും കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിലും തെളിവുകൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് കോടതിയിൽ ഹാരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നടക്കാവ് ഇൻസ്‌പെക്ടർ പി.കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നടക്കാവ് സബ് ഇൻസ്‌പെക്ടർമാരായ പി. ലീല ബാബു പുതുശ്ശേരി, എ.എസ്.ഐ സജി വി.കെ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി ശ്രീകാന്ത്, സി. ഹരീഷ് കുമാർ, ബബിത്ത് കുറുമണ്ണിൽ, രഞ്ജിത്ത് പയ്യോളി, വി. റിജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.