കോഴിക്കോട് : പണമിടപാട് ആപ്പുകളുടെ പാസ് വേഡുകളും ഒ.ടി.പികളും കൈക്കലാക്കിയുള്ള ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കോഴിക്കോട് സിറ്റി പൊലീസ്. ഇന്റർനെറ്റ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പാസ് വേഡുകളും ഒ.ടി.പികളും കൈക്കലാക്കി തട്ടിപ്പ് നടത്തുന്നത് ഓൺലൈൻ കള്ളൻമാരുടെ പുതിയ ട്രെൻഡായി മാറിക്കഴിഞ്ഞു. സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങി ഓൺലൈൻ പണമിടപാടിന് ഉപയോഗിക്കുന്ന മൊബൈൽ ആപ്പുകൾ എന്നിവയും ബാങ്ക് നൽകുന്ന നെറ്റ് ബാങ്കിംഗ് ഐ.ഡിയും യൂസർനെയിമുകളുമെല്ലാം കൈക്കലാക്കി തട്ടിപ്പ് നടത്തുന്നതാണ് കള്ളൻമാരുടെ പുതിയ രീതി. ഇതിനെതിരെ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ നാലുമാസത്തിനിടെ കേരളത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും അതിന് ശ്രമിച്ചതിനുമായി 3200 മെബൈൽ ഫോണുകളും ടാബുകളുമാണ് പൊലീസ് നിർജീവമാക്കിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതായിരുന്നു ഇതിൽ മിക്കവയും.
2022 മുതൽ ഓൺലൈൻ വഴി തട്ടിയെടുക്കാൻ ശ്രമിക്കുകയും പൊലീസ് ഇടപെട്ട് ബാങ്കുകളിൽ തടഞ്ഞുവെയ്ക്കുകയും ചെയ്ത 15 കോടിയോളം രൂപ ഈ മാസം 31 മുമ്പായി ഉപഭോക്താക്കൾക്ക് തിരിച്ചുകിട്ടുന്നതിനുള്ള സർക്കുലർ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് പുറത്തിറക്കിയത് ഈയടുത്തായിരുന്നു. ഇത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ദിവസേന ഓൺലൈൻ ചതിക്കുഴികളിൽ വീഴുന്നവരുടെ എണ്ണത്തിന് കുറവില്ല. ഒ.ടി.പികളും യൂസർനെയിമുകളും പാസ് വേഡുകളും ചോദിച്ച് ബാങ്കിൽ നിന്നെന്ന പേരിലായിരിക്കും കള്ളൻമാർ നിങ്ങളെ ബന്ധപ്പെടുക. ഇത് വിശ്വസിച്ച് വിവരങ്ങൾ കൈമാറിയാൽ പിന്നെ പണം കൈക്കലാക്കാൻ ഹാക്കർമാക്ക് നിമിഷ നേരം മതി. ഓൺലൈൻ വഴി സാമ്പത്തിക നഷ്ടം സംഭവിച്ചാൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യാം.
@
പൊലീസ് നൽകുന്ന നിർദേശങ്ങൾ
1. മൊബൈൽ ഫോണുകളിലോ മറ്റ് ഡിവൈസുകളിലോ പാസ് വേഡുകൾ സൂക്ഷിക്കരുത്
2. വീട്ടുപേര്, സ്ഥലപ്പേര്, സ്വന്തം പേര്, മൊബൈൽ നമ്പർ തുടങ്ങിയവ പാസ് വേഡ് ആയി ഉൾപ്പെടുത്താതിരിക്കുക
3. എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ് വേഡ് ഉപയോഗിക്കാതിരിക്കുക
4. അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളും ഇടകലർത്തിയുള്ള പാസ് വേഡുകൾ ഉപയോഗിക്കുക
5. അക്കൗണ്ട് 2 ഫാക്ടർ ഒഥെന്റിഫിക്കേഷൻ ഉപയോഗിച്ച് സുരക്ഷിതമാക്കുക
6. കൃത്യമായ ഇടവേളകളിൽ പാസ് വേഡുകൾ മാറ്റി സുരക്ഷിതമാക്കുക
7. പാസ് വേഡ് മറ്റൊരാളുമായി പങ്കുവെയ്ക്കാതിരിക്കുക
8. നീളം കൂടിയ പാസ് വേഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക
9. ഡിക് ഷ്ണറികളിലും മറ്റും സാധാരണയായി കാണുന്ന വാക്കുകൾ പാസ് വേഡുകൾ ആയി ഉപയോഗിക്കരുത്