@പിഴലഭിച്ചത് -20
കൊയിലാണ്ടി: റെയിൽ പാളത്തിലൂടെയുള്ള അപകടകരമായ യാത്രയ്ക്ക് പിഴ ഈടാക്കാൻ ആർ.പി.എഫ് രംഗത്ത്. കഴിഞ്ഞ ഒരാഴ്ചക്കകം അഞ്ച് പേരാണ് കൊയിലാണ്ടി മുതൽ ഫറൂക്ക് വരെയുള്ള പാളത്തിൽ തട്ടി മരിച്ചത്. ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള ഇടമാണ് കൊയിലാണ്ടി. കോഴിക്കോട് ആർ.പി.എഫ് ഇൻസ്പക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ റെയിൽ ട്രാക്കിലൂടെ സഞ്ചരിക്കുന്ന വരെ കണ്ടെത്തി പിഴ ഈടാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം 20 പേർക്കാണ് പിഴ ചുമത്തിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പലരും പാളത്തിലൂടെ യാത്ര ചെയ്താണ് ബസ്സ് സ്റ്റാന്റിലേക്ക് എത്തുന്നത്. പാളത്തിന്റെ കിഴക്ക് ഭാഗത്തുള്ളവർ ടൗണിലേക്ക് വരുന്നതും പാളം മുറിച്ച് കടന്നാണ്. കൊല്ലം ഗേറ്റ് കഴിഞ്ഞാൽ ടൗണിലേക്ക് വരാൻ റെയിൽവെ മേല്പാലത്തിനോടനുബന്ധിച്ചുള്ള ഫുട് ഓവർ ബ്രിഡ്ജാണ് ഏക വഴി. എന്നാൽ യാത്രക്കാർ ആരും തന്നെ ഫുട് ഓവർ ബ്രിഡ്ജ് ഉപയോഗിക്കാറില്ല. ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മാത്രമല്ല വൈദ്യുതി ഇല്ലാത്തതും യാത്ര ദുഷ്ക്കരമാക്കും. ബപ്പൻ കാട്ടിലെ അടിപ്പാത വെള്ളം കെട്ടി കിടക്കുന്നതിനാൽ ഇവിടെയും ആളുകൾ അപകടകരമായ രീതിയിൽ പാളം മുറിച്ചു കടക്കുകയാണ് പതിവ്. പാളം മുറിച്ചു കടക്കാതെ യാത്ര ചെയ്യണമെങ്കിൽ ഫുട് ഓവർ ബ്രിഡ്ജ് മാലിന്യമുക്തമാക്കി വൈദ്യൂതികരി ക്കണമെന്നാണ് പരിസരവാസികൾ പറയുന്നത് പന്തലായനി ഗവ. ഹൈസ്കൂളിന് സമീപം ഫുട് ഓവർ ബ്രിഡ്ജ് പണിയണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലം എം.പി.കെ.മുരളീധരനോട് ഈ ആവശ്യം ഉന്നയിച്ചതായും നാട്ടുകാർ പറഞ്ഞു.