വടകര: എ.ബി.സി പദ്ധതി പാളിയതോടെ വടകര വീണ്ടും നായപ്പേടിയിൽ. നഗരത്തിലെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കൾ ഉറക്കം കെടുത്തുകയാണ്. ജില്ലാ ആശുപത്രിയ്ക്ക് സമീപവും നായ്ക്കളുടെ വിളയാട്ടം തുടരുകയാണ്. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ അഞ്ച് പേരെയാണ് കഴിഞ്ഞ ദിവസം നായകടിച്ചത്. ശരീഫ് വളള്യാട്, അതുൽ പുതിയാപ്പ്, തമിഴ്‌​നാട് സ്വദേശി ഷെവത്താൻ, എളമ്പിലാട് സരോജിനി എന്നിവരെയാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. ശരീഫിനെയും അതുലിനെയും മാർക്കറ്റിൽ നിന്നു ഷെവത്താനെ പഴയ സ്റ്റാന്റിൽ നിന്നും സരോജിനിയെ വീട്ടിന്റ സ്റ്റെപ്പിൽ നിൽക്കുമ്പോഴുമാണ് നായ കടിച്ചത്. കടിയേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കൂടാതെ കഴിഞ്ഞ ദിവസം ഗവ. ജില്ലാ ആശുപത്രി പരിസരത്ത് അഞ്ച് പേരെ നായകടിച്ചിരുന്നു. നഗരത്തിൽ തിരക്കേറിയ ഇടങ്ങളിൽ നായ ശല്യം അതി രൂക്ഷമാണ്. ഭക്ഷണത്തിന്റെ അവശിഷ്ടം റോഡിൽ ഉപേക്ഷിക്കുന്നതാണ് ഇവ പെറ്റു പെരുകാൻ കാരണം. ഇതു മൂലം തിരക്കേറിയ സ്ഥലങ്ങളിൽ നായ്ക്കൾ പെറ്റു പെരുകുകയും ജനങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യുന്നു. ജില്ലാ ആശുപത്രി റോഡിലും പരിസരത്തും നായ്കൾക്ക് ഭക്ഷണം കൊടുക്കുന്നവരുണ്ട്.

പുതിയാപ്പ്, പച്ചക്കറി മുക്ക്, നാരായണ നഗരം,​ അടക്കാ തെരു,​ പുതിയ സ്റ്റാന്റ്, എടോടി,​ റയിൽവേ സ്റ്റേഷൻ റോഡ്, വിരഞ്ചേരി പരിസരം, മത്സ്യമാർക്കറ്റ് പരിസരം, ടൗൺഹാൾ - പബ്ലിക് ലൈബ്രറി പരിസരം, മുനിസിപ്പൽ ഓഫീസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ്ക്കൾ കാൽനട യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഒരു പോലെ ഭീഷണിയായി മാറുകുകയാണ്.

@ എങ്ങുമെത്താതെ എ.ബി.സി പദ്ധതി

നായ്ക്കളുടെ വന്ധ്യംകരണം ലക്ഷ്യം വച്ചുള്ള നഗരസഭയുടെ എബിസി പദ്ധതി വിജയത്തിലെത്തിയില്ല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന എബിസി കേന്ദ്രത്തിൽ തെരുവ് നായ്കളെ വന്ധീകരിക്കാൻ കൊണ്ടു പോകുന്ന പദ്ധതിയിൽ 5ക്ഷം രൂപ നഗരസഭ കെട്ടിവച്ചിരുന്നെങ്കിലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.നഗരസഭ കൗൺസിലിൽ ഈ വിഷയം പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ നിരന്തരമായി ഉന്നയിച്ചിരുന്നെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ല. വടകര നഗര പരിധിയിൽ ഇത്രയും പേർക്ക് കടിയേറ്റിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ചുറ്റുമുളള പഞ്ചായത്തുകൾ പട്ടി പിടുത്തക്കാരെ വച്ചിരുന്നെങ്കിലും നഗരസഭ ഇതിനായി പരസ്യം പോലും ഇതുവരെ നൽകിയിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.