lalitha
കോഴിക്കോട്ടെ ആദ്യ വനിതാ ഓട്ടോ ഡ്രൈവർ ലളിത

കോഴിക്കോട് : സത്യമേവ ജയതേ. ഇത് ലളിതേച്ചിയുടെ ഓട്ടോ. അവരുടെ നന്മയ്ക്ക് കോഴിക്കോട്ടുകാർ ഇട്ട പേര്. അല്ലേലും സത്യസന്ധതയ്ക്ക് പേരുകേട്ടവരാണല്ലോ ഇവിടത്തെ ഓട്ടോക്കാർ.

കോഴിക്കോട്ടെ ആദ്യ വനിതാ ഓട്ടോക്കാരിയാണ് ലളിത. പ്രായത്തോട് പോയി പണി നോക്കാൻ പറഞ്ഞ് 67ലും സ്റ്റാൻഡിന്റെ ഐശ്വര്യമായി ലളിതയുണ്ട്. 30 വർഷമായി ഓട്ടോ ഓടിച്ച് കുടുംബം പോറ്റുന്നു.

1994ൽ തുടങ്ങിയതാണ് പരപ്പനങ്ങാട്ടെ ലളിതയുടെ ഓട്ടോ ജീവിതം. ആദ്യം വാടക ഓട്ടോ ആയിരുന്നു. 96ലാണ് സ്വന്തം ഓട്ടോയായത്. അതിനു പിന്നിൽ ഒരു കഥയുണ്ട്. അന്നൊരിക്കൽ യാത്രക്കാരെ ഇറക്കി മടങ്ങുമ്പോഴാണ് പിന്നിലെ സീറ്റിൽ ഒരു ബാഗ് കണ്ടത്. ഉടൻ യാത്രക്കാരിയെ ഇറക്കിയ മലാപ്പറമ്പിലെ വീട്ടിലേക്ക് വണ്ടി തിരിച്ചു. ബാഗ് ഏൽപ്പിച്ചു. കാർട്ടൂണിസ്റ്ര് ബി.എം. ഗഫൂറിന്റെ മരുമക്കളുടെ പണമടങ്ങിയ ബാഗായിരുന്നു അത്.

സംഭവം വാർത്തയായി. സത്യസന്ധതയ്ക്കുള്ള അവാർഡുകളും ആദരവും. കാര്യങ്ങൾ അവിടെ തീർന്നില്ല. ലളിതയുടെ ദൈന്യത അറിയാവുന്ന നാട്ടുകാർ പൗരസമിതി രൂപീകരിച്ച് ഒരു ഓട്ടോ വാങ്ങി നൽകാനിറങ്ങി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലോൺ കൂടിയായപ്പോൾ പുത്തൻ ഓട്ടോയായി. സത്യമേവ ജയതേ എന്ന് പേരുമിട്ടു.

കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം പരേതരായ പള്ളിക്കൽ അയ്യപ്പന്റെയും കൗസല്യയുടെയും മൂത്ത മകളാണ്. ബിലാത്തിക്കുളം ഗവ. യു.പി സ്കൂളിൽ ഏഴു വരെയും നടക്കാവ് ഗേൾസ് സ്കൂളിൽ പത്തു വരെയും പഠിച്ചു. വിവാഹത്തോടെയാണ് പരപ്പനങ്ങാടിക്കാരിയായത്. തയ്യൽക്കാരിയും പിന്നീട് ഇൻഷ്വറൻസ് ഏജന്റുമായി. അതിനിടെ കൂലിപ്പണിക്കാരനായ ഭർത്താവ് രാമകൃഷ്ണൻ രോഗബാധിതനായി കിടപ്പിലായി. ഭർത്താവിനെ നോക്കാനും മക്കളായ രജീഷിനെയും പ്രജിനിയെയും വളർത്താനും കാശില്ലാതെ വന്നപ്പോൾ ഓട്ടോ ഓടിച്ച് നിത്യവരുമാനമുണ്ടാക്കാൻ തീരുമാനിച്ചു. ഡ്രൈവിംഗ് പഠിച്ച് ലൈസൻസെടുത്തു. മുപ്പത്തിയേഴാമത്തെ വയസിൽ ഓട്ടോ ഡ്രൈവറായി. അന്നുമുതൽ രാവിലെ കൃത്യം ഏഴിന് ലളിതയുടെ ഓട്ടോ പരപ്പനങ്ങാടി സ്റ്റാൻഡിലെത്തും. വൈകിട്ട് ആറരയ്ക്ക് മടങ്ങും.

ഇന്ന് സന്തോഷവതിയാണ് ലളിത. മക്കളുടെ വിവാഹം കഴിഞ്ഞു. നീണ്ടകാലത്തെ ചികിത്സയിൽ ഭർത്താവ് ആരോഗ്യം വീണ്ടെടുത്തു. എല്ലാം ഓട്ടോ ഓടിച്ച കാശുകൊണ്ടാണ്. ആദ്യത്തേത് വിറ്റ് പുതിയ ഓട്ടോ വാങ്ങി.

ഓട്ടോയാണ് അന്നം. സർവേശ്വരൻ ആരോഗ്യം തരുന്നിടത്തോളം ഓട്ടോ ഓടിച്ച് ജീവിക്കും

- ലളിത