കോഴിക്കോട്: നോക്കാൻ ആളില്ലാത്തവരെ പരിചരിക്കാൻ പുതിയ പദ്ധതിയുമായി ജില്ലാ സാമൂഹിക നീതി വകുപ്പ്. ജില്ലയിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികളായ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് വയോസാന്ത്വനം എന്ന് പേരിട്ട പദ്ധതിയുടെ ലക്ഷ്യം. വയോജനങ്ങൾക്ക് താമസവും ഭക്ഷണവും പരിചരണവും ചികിത്സയും പദ്ധതിയിലൂടെ ഉറപ്പാക്കും. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസ് എൻ.ജി.ഒ കളിൽനിന്നും മറ്രും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മറ്റ് നടപടികൾ പൂർത്തിയായാൽ അടുത്ത വർഷം ആദ്യത്തോടെ പദ്ധതി പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി പ്രവർത്തനം തുടങ്ങുന്നതോടെ നോക്കാനാളില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി വയോധികർക്ക് ആശ്വാസമാകുമെന്നാണ് സാമൂഹിക നീതി വകുപ്പ് കരുതുന്നത്. 60 വയസ് കഴിഞ്ഞവരുടെയും കിടപ്പുരോഗികളുടെയും മറ്റും ദുരിത ജീവിതത്തിന് ഒരു പരിധി വരെ അറുതി വരുത്താൻ പദ്ധതിക്ക് കഴിയും. ഗവ. ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി ദിവസേന നിരവധി വയോധികരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്നത്. മെഡിക്കൽ കോളേജിൽ മാത്രം ശരാശരി 40നും 50നും ഇടയിൽ വയോധികരായ രോഗികൾ ദിവസേന ഉണ്ടാകാറുണ്ട്. ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ നിലവിൽ പത്തു പേരുമാണ് ചികിത്സയിലുള്ളത്. ചികിത്സ കഴിഞ്ഞാലും പോകാൻ സ്ഥലമില്ലാത്തവരും ഏറെയാണ്. ഇങ്ങനെയുള്ളവരിൽ പലരും ആശുപത്രിയിൽ തന്നെ തുടരാറാണ് പതിവ്. എന്നാൽ ആശുപത്രി ജീവനക്കാർക്ക് മറ്റ് രോഗികളുടെ ചികിത്സയ്ക്കിടയിൽ ഇത്തരം ആളുകളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടാകാറുണ്ട്. ഇതെല്ലാം അനാഥരായ കിടപ്പു രോഗികളെ പലപ്പോഴും പ്രതിസന്ധിയിലാക്കുകയാണ്. ഇത് പലപ്പോഴും ആശുപത്രിയുടെ പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്. വൃദ്ധസദനങ്ങളിലും മറ്റും കിടത്തിചികിത്സയില്ലാത്തതിനാൽ കിടപ്പുരോഗികളെ ഏറ്റെടുക്കുന്ന പതിവുമില്ല.
പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലാണ് പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു സ്ഥാപനത്തിൽ 25 പേർക്കാണ് സംരക്ഷണം നൽകുക. ഡോക്ടർ, സ്റ്റാഫ് നഴ്സ്, സോഷ്യൽ വർക്കർ, പരിചരണത്തിന് കെയർ ഗിവർ, വിനോദത്തിനായി ടിവി, ലൈബ്രറി, റേഡിയോ സംവിധാനങ്ങളുമുണ്ടാവും. പദ്ധതി നടത്തിപ്പിനുള്ള 80 ശതമാനം തുക സർക്കാർ നൽകും. 20 ശതമാനം ചെലവ് എൻ.ജി.ഒകളും വഹിക്കും. ആരോഗ്യം മെച്ചപ്പെടുന്ന മുറ.്ക്ക് പിന്നീട് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും.