road
സംസ്ഥാന പാതയിൽ ഓർക്കാട്ടേരി ഒ.പി. കെ ഭാഗത്ത് കാട്ടുചെടി ഭീഷണിയായപ്പോൾ

വടകര: സംസ്ഥാന പാതയിൽ വെള്ളികുളങ്ങര മുതൽ ഓർക്കാട്ടേരി എരിഞ്ഞിക്കൂൽ

വരെയുളള റോഡിന്റെ നടപ്പാതയിൽ കാട് കയറിയത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. നടപ്പാതയിൽ കൂടി നടക്കാ‍ൻ കഴിയാതായതോടെ ആളുകൾ റോഡിലേക്ക് ഇറങ്ങിയാണ് നടത്തം. ടാർ ചെയ്ത് വെള്ള അടയാളം ചെയ്ത ഭാഗം കഴിഞ്ഞും റോഡിലും ഫുട്പാത്തിലുമായി പുൽക്കാട് വളർന്നിരിക്കുകയാണ്. ചിലയിടങ്ങളിൽ ഒരാൾ പൊക്കത്തിൽ പുല്ല് വളർന്നതോടെ ഇഴജന്തുക്കൾ താവളമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്. മുട്ടുങ്ങൽ - നാദാപുരം വരെയുള്ള ഭാഗം റോഡിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും റോഡ് ഉയരവും വീതിയും കൂട്ടി ഇരുഭാഗങ്ങളിലും കാൽനടക്കു സാധ്യമാകും വിധം ഡ്രൈയ്നേജ് പണിത് സ്ലാബിട്ട് മൂടിയിട്ടുമുണ്ട്. എന്നാൽ റോഡിനും ഡ്രൈനേജിനും ഇടയിൽ ഇരുഭാഗത്തും കോൺക്രീറ്റോ, ഇന്റർലോക്ക് പാവുകയോ ചെയ്തിട്ടില്ല. ഈ ഭാഗത്താണ് കാട്ടുചെടികൾ വളർന്നു കിടക്കുന്നത്.നാട്ടിൻ പുറങ്ങളിൽ ഉത്സവ സീസൺ തുടങ്ങുന്നതോടെ കാൽ നടയാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവും. ടൗണിനു പുറമെ സ്ഥിതി ഇങ്ങനെയാണെങ്കിൽ റോഡ് വീതി കൂട്ടിയിട്ടും ടൗണിൽ വാഹനക്കുരുക്കിന് ശമനമായിട്ടില്ല.