ksrtc
ksrtc

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം ഉല്ലാസയാത്രകൾ വിജയകരമായ മൂന്നാം വർഷത്തിലേക്ക്. കോഴിക്കോടിനകത്തും പുറത്തുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആനവണ്ടി പായുമ്പോൾ ജനം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പുതിയ ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. കുമളി, തേനി മുന്തിരിതോട്ടം, രാമക്കൽമേട് വാഗമൺ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്ര 22 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് യൂണിറ്റിൽ നിന്നും പുറപ്പെടും. 25 ന് രാവിലെ അഞ്ച് മണിക്ക് കോഴിക്കോട് തിരിച്ചെത്തും. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, താമസ സൗകര്യം (ഫാമിലി റൂം) എന്നിവ ഉൾപ്പെടെയുള്ള പാക്കേജിൽ ഒരാൾക്ക് 4430 രൂപയാണ് ചാർജ്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വയനാട് യാത്ര ഡിസംബർ 31 ന് രാവിലെ ആറ് മണിക്ക് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും.
എൻ ഊര് , സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എന്നീ സ്ഥലങ്ങൾക്ക് ശേഷം കൽപ്പറ്റയിൽ താമസിക്കും. രണ്ടാം ദിനത്തിൽ ജൈന മത ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുര സാഗർ ഡാം എന്നിവ സന്ദർശിച്ച ശേഷം ജനുവരി ഒന്നിന് രാത്രി 10 മണിക്ക് തിരിച്ചെത്തും. യാത്രയുടെ ആദ്യദിവസം വെൽക്കം ഡ്രിങ്ക് , ഡിന്നർ എന്നിവയും രണ്ടാം ദിനത്തിൽ പ്രഭാത ഭക്ഷണം, ചായ എന്നിവയും നൽകും. പാക്കേജിന് ഒരാൾക്ക് 3100 രൂപയാണ് നിരക്ക്. വിശദ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും വിളിക്കുക: 9544477954, 9961761708