
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയ്ക്കുള്ളിൽ ശക്തമായി. സിറ്റിംഗ് സീറ്റുകളായ മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമെ സംഘടനാ ശക്തിക്കനുസരിച്ച് സീറ്റ് ചോദിച്ച് വാങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന , ജില്ല ഭാരവാഹികൾ ഉൾപ്പെടെ ആവശ്യം ഉയർത്തി.
ഇക്കാര്യം കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ലീഗ് ഉന്നയിക്കും. എന്നാൽ രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ലീഗ് കടുംപിടിത്തം ഒഴിവാക്കുമെന്നാണ് അറിയുന്നത്. കുറഞ്ഞത് ഒരു സീറ്റിന് കൂടി അർഹതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് കോൺഗ്രസ് അംഗീകരിക്കുന്നുണ്ടെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് നേടേണ്ട സാഹചര്യം വ്യക്തമാക്കിയാവും ലീഗിന്റെ അവകാശവാദത്തിന് തടയിടുക.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് ലീഗ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം മത്സരിക്കാത്ത സാഹചര്യം വന്നാൽ വയനാട് വിട്ടു നൽകണമെന്ന് ലീഗ് ആവശ്യപ്പെടും. കെ. സുധാകരൻ മത്സര രംഗത്തില്ലെങ്കിൽ കണ്ണൂരിനോടാണ് താത്പര്യം. അതല്ലെങ്കിൽ വടകര. സ്ഥാനാർത്ഥികളായി പുതുമുഖങ്ങൾ വരണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടക്കും.
ലോക്സഭ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി ചർച്ചയായി. അതെസമയം വാർത്താസമ്മേളനത്തിൽ കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മൂന്നാം സീറ്റ് ആവശ്യപ്പെടുന്ന കാര്യത്തിൽ കാത്തിരുന്ന് കാണാമെന്ന നിലപാടാണ് സ്വീകരിച്ചത്.