img20231211
നടപ്പാതയിൽ വഴിമുടക്കി വാഹനം പാർക്കു ചെയ്ത സ്ഥിതിയിൽ

മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ തിരക്കേറിയ മുക്കം -അഗസ്ത്യൻമുഴി റോഡിലെ നടപ്പാത നവീകരണം ഇഴയുന്നത് യാത്രക്കാരെ വലയ്ക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാത എന്ന പേരിൽ ഡ്രെയ്നേജിനു മുകളിൽ സ്ലാബ് നിരത്തുക മാത്രമാണ് നിലവിൽ ചെയ്തിട്ടുള്ളത്. ഇതാകട്ടെ പൂർണവുമല്ല. കെെവരികൾ സ്ഥാപിക്കുന്ന പണികൾ ഇനിയും തുടങ്ങിയിട്ടില്ല. വൻ തുക മുടക്കി നടത്തുന്ന റോഡു നിർമ്മാണം ഏറെക്കുറെ പൂർത്തിയായിട്ടും നടപ്പാത നിർമ്മാണം എങ്ങുമെത്താത്ത അവസ്ഥ. ഇത് എന്ന് പൂർത്തിയാകുമെന്ന ചോദ്യത്തിന് അധികൃതർ വ്യക്തമായ ഉത്തരം നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഉപയോഗിച്ച സ്ലാബുകൾക്ക് ആവശ്യത്തിന് വീതിയില്ലാത്തതും യാത്രക്കാതെ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്. മിക്ക സ്ലാബുകളും ചവിട്ടുമ്പോൾ ഇളകും. മാത്രമല്ല സ്ലാബിൻ മുകളിൽ വാഹന പാർക്കിങ്ങും കച്ചവടവും നടക്കുന്നതിനാൽ യാത്രക്കാർക്ക് നടന്ന് പോകാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. മുക്കം പൊലീസ് സ്റ്റേഷന്റെ മുന്നിൽ തന്നെയാണ് സ്ലാബിന്റെ മുകളിൽ ഒരു തട്ടുകട പ്രവർത്തിക്കുന്നത്. പൊലീസ് സ്റ്റേഷനും മുക്കം അഭിലാഷ് ജംഗ്ഷനുമിടയിൽ ഒരു ബാങ്കും എ ടി എം കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. അവിടെയും മുഴുവൻ സമയവും മൂന്നോ നാലോ വാഹനങ്ങൾ വഴിമുടക്കി പാർക്കും ചെയ്തിരിക്കും. കൈവരിയോടു കൂടിയനടപ്പാത നിർമ്മാണം പൂർത്തിയാക്കി യാത്രക്കാർക്ക് സുരക്ഷിത യാത്രയ്ക്ക് എന്നെങ്കിലും അവസരം ലഭിക്കുമാേ എന്ന ചോദ്യമാണ് നാട്ടുകാർ ചോദിക്കുന്നത്.