ffff

 കുടുംബം ട്രെയിനിൽ ഇന്നെത്തും

 സോമനാഥനെ തൊഴുത് മടങ്ങും

കോഴിക്കോട്: ഗുജറാത്ത് സോമനാഥ ക്ഷേത്രത്തിലേക്ക് ട്രിപ്പ് പ്ളാൻ ചെയ്തപ്പോൾ അപർണ ഭർത്താവിനോട് പറഞ്ഞു,​ ഞാൻ സൈക്കിളിലെത്തും.

28 ദിവസം 2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി അപർണ ലക്ഷ്യം കണ്ടു. കോഴിക്കോട് തളി ക്ഷേത്രമുറ്റത്തു നിന്ന് കഴിഞ്ഞമാസം 12ന് യാത്ര തിരിച്ചു. കഴിഞ്ഞ ഞായറിന് സോമനാഥ ക്ഷേത്ര സന്നിധിയിൽ.

കോഴിക്കോട്ടെ ക്രൗൺ തിയേറ്റർ ഉടമ വിനോദിന്റെ ഭാര്യയാണ് അപർണ. വിനോദും മക്കളായ റാമിനും ദേവിനും ട്രെയിനിൽ ഇന്നെത്തും. കുടുംബ സമേതം ഭഗവാനെ തൊഴുത് നാട്ടിലേക്ക് ട്രെയിനിൽ മടങ്ങും. പ്രകൃതിക്കിണങ്ങിയ യാത്രാ രീതിയെപ്പറ്റി ബോധവത്കരിക്കുകയും അപർണയുടെ സൈക്കിൾ സവാരിയുടെ ലക്ഷ്യമാണ്.

കാസർകോട് വഴിയാണ് അപർണ കേരള അതിർത്തി കടന്നത്. പിന്നെ കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ സൈക്കിൾ സവാരി. ഗ്രാമപ്രദേശങ്ങളിൽ തങ്ങി,​ അതതു സ്ഥലത്തെ നാടൻ ഭക്ഷണം കഴിച്ചു. പലരും നിർബന്ധിച്ച് ഭക്ഷണം നൽകി. ഗൂഗിൾ വഴി തെറ്രിച്ചപ്പോൾ പ്രദേശവാസികൾ വഴി കാട്ടി. വിവിധ സംസ്ഥാനങ്ങളിലെ സൈക്ളിംഗ് ക്ളബുകളും സഹായിച്ചു.

മഹാരാഷ്ട്രയിലെ രത്നഗിരിയിൽ കനത്ത മഴയും ചുഴലിക്കാറ്റും കാരണം കുൻകേശ്വറിൽ ഒരു ദിവസം വിശ്രമിച്ചു. മുംബയിലെ തിരക്കേറിയ റോഡുകളിൽ ട്രാഫിക്ക് പൊലീസ് സഹായത്തിനെത്തി. ഗോകർണത്തെ യാത്രയും നവ്യാനുഭവമായി. തീരദേശങ്ങളിലൂടെയായിരുന്നു യാത്ര ഏറെയും. വ്രതത്തിലായതിനാൽ വെജിറ്രേറിയൻ വിഭവങ്ങൾ മാത്രമാണ് കഴിച്ചത്. ഗുജറാത്തി തെപ്‌ലയോട് ഏറെ ഇഷ്ടം തോന്നി. യാത്രയ്ക്കിടെ ഗോവ ഫിലിം ഫെസ്റ്റിലും പങ്കെടുത്തു.

കുട്ടിക്കാലം മുതൽ സൈക്കിൾ യാത്ര ഹരമാക്കിയ അപർണ കോഴിക്കോട് സ്വദേശിയാണ്. ഇപ്പോൾ കുടുംബം കൽപ്പറ്റയിലാണ്.

പലതരം ജീവിത ശൈലികൾ കണ്ടറിഞ്ഞുള്ള യാത്ര മറക്കാനാവാത്തതാണ്

- അപർണ