പയ്യോളി: കിഴൂർ ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.
ഉത്സവ ദിവസങ്ങളിൽ വിവിധ കലാപരിപാടികൾക്ക് പുറമെ മെഗാ തിരുവാതിര, കേരളത്തിലെ പ്രമുഖ ചെണ്ടമേള വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വിശേഷാൽ തായമ്പക, ഓട്ടൻതുള്ളൽ, പാഠകം, ചാക്യാർകൂത്ത്, അക്ഷരശ്ലോകസദസ്, ഭക്തിഗാനസുധ, പഞ്ചവാദ്യമേളം, നാദസ്വരമേളം, കേരളകലാമണ്ഡലത്തിന്റെ ശാസ്ത്രീയ നൃത്തപരിപാടി എന്നിവ ഉണ്ടായിരിക്കും.
ചിറക്കൻ പത്മനാഭൻ, പാറന്നൂർ നന്ദനൻ, കൊളക്കാടൻ ശിവപ്രസാദ് എന്നീ ഗജവീരന്മാർ ആറാട്ട് എഴുന്നളിപ്പിന് അകമ്പടി സേവിക്കും. തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാറുടെ മേളപ്രമാണത്തിൽ കലാമണ്ഡലം ശിവദാസ്, കാഞ്ഞിലശ്ശേരി വിനോദ് മാരാർ എന്നീ വാദ്യകുലപതിമാർ ഉത്സവാഘോഷത്തിന് മേളകൊഴുപ്പേകും. ആറാട്ടുദിവസം രാത്രി കിഴൂർ ചൊവ്വവയലിൽ കരിമരുന്ന് പ്രയോഗം, പൂവെടിത്തറയ്ക്ക് സമീപം പൂവെടി എന്നിവ ഉണ്ടായിരിക്കും.
ഇന്ന് ഓട്ടൻതുള്ളൽ, തിരുവനന്തപുരം അക്ഷരകലയുടെ ' കുചേലൻ' നാടകം. കലാമണ്ഡലം ശിവദാസൻ, കലാമണ്ഡലം സനൂപ് പൊന്നരം എന്നിവരുടെ ഇരട്ട തായമ്പക. 14 ന് പാഠകം, നൃത്തനൃത്യങ്ങൾ, പനമണ്ണ ശശി, അത്താ ലൂർ ശിവദാസൻ എന്നിവരുടെ ഇരട്ടതായമ്പക. 15 ന് അക്ഷര ശ്ലോകസദസ്, ഭരതനാട്യം, ഭക്തിഗാനസുധ, പള്ളിവേട്ട. 16 ന് ആറാട്ട്. ഓട്ടൻതുള്ളൽ, പഞ്ചവാദ്യം, എഴുന്നെള്ളത്ത് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്തിൽ പിലാത്തറ മേളം വെടിക്കെട്ട്, കേളിക്കൈ, പൂവെടി, കുളിച്ചാറാട്ട് എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ കാലത്ത് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ദിവസവും 5000ൽ അധികം പേർക്ക് പ്രസാ ദഊട്ട് നൽകും.
ആഘോഷ പരിപാടികൾക്ക് തുടക്കം
പയ്യോളി: കീഴൂർ ശ്രീ മഹാശിവ ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ ബ്രഹ്മശ്രീ തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റി ബോർഡ് ചെയർമാൻ രയരോത്ത് രമേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കരുണാകരൻ നായർ പ്രസംഗിച്ചു. ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.പ്രകാശൻ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ചന്ദ്രൻ കണ്ടോത്ത് നന്ദിയും പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.ലോഹ്യയെ ആദരിച്ചു.