haritha
ഹരിതകർമസേന

കോഴിക്കോട്: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ അജൈവ മാലിന്യ വാതിൽപ്പടി ശേഖരണത്തിൽ വൻ കുതിച്ചുചാട്ടം. നവംബർ മാസത്തെ കണക്ക് പ്രകാരം കോഴിക്കോട് ജില്ലയിൽ ഹരിത കർമ്മസേന യൂസർ ഫീസിൽ അഞ്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നൂറ് ശതമാനം നേട്ടം കൈവരിച്ചു. വില്യാപ്പള്ളി, ആയഞ്ചേരി, ചോറോട്, കുന്നുമ്മൽ, കുടരഞ്ഞി, ഒഞ്ചിയം പഞ്ചായത്തുകളാണ് മികച്ച പ്രവർത്തനം കാഴ്ചവച്ചത്.

അടുത്തവർഷത്തോടെ ജില്ല മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിതകർമസേന പ്രവർത്തനം ശാസ്ത്രീയമാക്കുന്നതിന് ഹരിത മിത്രം മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ജില്ലാ തലത്തിലും തദ്ദേശ സ്ഥാപന തലത്തിലും നടത്തിയ വിവിധ ഇടപെടലുകളുടെയും അവലോകനങ്ങളുടെയും ഫലമായാണ് ജില്ലയിൽ അഭിമാനകരമായ നേട്ടം കരസ്ഥമാക്കാൻ സാധിച്ചത്.

ഹരിത കർമ്മസേനയോടൊപ്പം ഒരു ദിനം കാമ്പയിനും മാലിന്യ പരിപാലന കേന്ദ്രങ്ങളിലെ സോഷ്യൽ ഓഡിറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നുവരുന്നുണ്ട്. കൂടാതെ ജില്ലാതല എൻഫോഴ്സ്‌മെന്റ് ടീമിന്റെ പ്രവർത്തനത്തിൽ കോഴിക്കോട് ജില്ല സംസ്ഥാനത്തും ഒന്നാമതാണ് .
ഹരിത കർമ്മസേന യൂസർ ഫീ ശേഖരണത്തിൽ കോഴിക്കോട് കോർപ്പറേഷൻ 66.3 ശതമാനവും, ഗ്രാമപഞ്ചായത്തുകളിൽ ശരാശരി 56.24 ശതമാനവും മുനിസിപ്പാലിറ്റികളിൽ 60.41ശതമാനവും കളക്ഷൻ കഴിഞ്ഞ മാസം നേടിയെടുത്തു. 2024 ജനുവരിയോട് കൂടി 100 ശതമാനവും കളക്ഷൻ നേടുക എന്ന ലക്ഷ്യവുമായിട്ടാണ് ജില്ല പ്രവർത്തിക്കുന്നത്. 2023 മാർച്ചിൽ ജില്ലയിൽ ഹരിത കർമ്മ യൂസർ ഫീസ് കളക്ഷൻ 27.56 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ 44 ശതമാനവും സെപ്റ്റംബറിൽ 47 ശതമാനവുമായി ഉയർന്ന് പടിപടിയായാണ് നവംബറിൽ യൂസർ ഫീ 24558121 രൂപ ആയി ഉയർന്നത്.