chedi
chedi

കോഴിക്കോട്: നഗരത്തിന്റെ അഴക് കൂട്ടാൻ വിവിധ ഇടങ്ങളിൽ ചെടികൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ ഒരുങ്ങി കോർപ്പറേഷൻ. സഹകരണ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് നഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ കോർപ്പറേഷൻ തയ്യാറെടുക്കുന്നത്. നഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച അഴക് പദ്ധതിയുടെ ചുവടുപിടിച്ചാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചെടികൾ വച്ച് പിടിപ്പിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമത്തിന്റെ ഭാഗമായി കോഴിക്കോട് ബി.ഇ.എം സ്‌കൂളിന്റെ മുൻവശം മാനാഞ്ചിറ സ്‌ക്വയറിനോട് ചേർന്നുള്ള നടപ്പാതയുടെ കൈവരിയിൽ ഇരുമ്പ് കൂടുകൾ ഒരുക്കി ചെടികളൊരുക്കും. സേവ് ഗ്രീൻ അഗ്രിക്കൾച്ചറൽ സഹകരണ സംഘമാണ് പദ്ധതിയുമായി കോർപ്പറേഷനെ സമീപിച്ചത്. 15ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും. പദ്ധതി ഏറ്റെടുക്കുന്നവർ സ്വന്തം ചെലവിൽ ചെടികൾ വച്ച് പിടിപ്പിക്കുകയും പരിപാലനവും ഉറപ്പു വരുത്തുകയും ചെയ്യും. ചെടികൾ വച്ച് പിടിപ്പിച്ച് പരിപാലിക്കാൻ സഹായമൊരുക്കുന്ന അംഗങ്ങളുടെയോ സ്ഥാപനങ്ങളുടേയോ പേരുകൾ സ്റ്റിക്കറാക്കി 15 സെ.മീ വീതിയുള്ള ഏഴ് സെ.മീ ഉയരത്തിലും രേഖപ്പെടുത്തും. നഗരസൗന്ദര്യവത്ക്കരണത്തിനുള്ള സഹകരണ ഇടപെടലിന് അനുമതി നൽകണമെന്ന് കാണിച്ച് 'സേവ് ഗ്രീൻ അഗ്രികൾച്ചറൽ സഹകരണസംഘം കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് കമ്മറ്റി മുമ്പാകെ അപേക്ഷ നൽകിയിരുന്നു. സേവ് ഗ്രീൻ അഗ്രികൾച്ചറൽ സഹകരണ സംഘത്തിന് നഗരസൗന്ദര്യവത്ക്കരണത്തിനുള്ള അനുമതി നഗരസഭ നിർദ്ദേശാനുസരണം നൽകുന്നതിനും ഇത്തരത്തിൽ തയ്യാറായി വരുന്ന മറ്റു സഹകര സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ കൂടി അനുമതി നൽകുന്നതിനും കൗൺസിൽ യോഗം തീരുമാനമെടുക്കും. നഗരാസൂത്രണ സ്ഥിരം സമിതിയുടെ ശുപാർശയായാണ് പദ്ധതി കൗൺസിലിലേക്ക് വരുന്നത്.