anas
അനസ് നങ്ങാണ്ടി

കോഴിക്കോട്: ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടത്തും യു.ഡി.എഫ്.

വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡ് മേമുണ്ട ചല്ലിവയലിൽ യു.ഡി.എഫിന് ജയം. കോൺഗ്രസിലെ എൻ.ബി.പ്രകാശൻ 311 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. എൻ.ബി.പ്രകാശൻ 926 വോട്ടും എൽ.ഡി.എഫിലെ ബി.എസ്.ജ്യോതി 615 വോട്ടും നേടി. ബി.ജെ.പിയിലെ എം.പി.സോമശേഖരൻ 78 വോട്ട് നേടി. വാർഡ് മെമ്പറായിരുന്ന എൽ.ഡി.എഫിലെ പി.പി.ചന്ദ്രൻ അപകടത്തിൽപെട്ട് ചികിത്സയിലായ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് വാർഡായ ഇവിടെ കഴിഞ്ഞ തവണ ചന്ദ്രൻ അട്ടിമറി വിജയം നേടുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിലൂടെ വാർഡ് യു.ഡി.എഫ് തിരിച്ചുപിടിച്ചിരിക്കുകയാണ്‌.

യു.ഡി.എഫിന് നഷ്ടപ്പെട്ട വാണിമേൽ പഞ്ചായത്ത് 14ാം വാർഡ് കൊടിയൂരയിൽ 444 വോട്ടിന്റെ ഭൂരിപക്ഷത്തിന് അനസ് നങ്ങാണ്ടി തിരിച്ചുപിടിച്ചു. അനസ് നങ്ങാണ്ടിക്ക് 694 വോട്ടും എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ ടി.കെ.സുകുമാരന് 250 വോട്ടും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിം ലീഗ് റിബൽ ചേലക്കാടൻ കുഞ്ഞമ്മദ് 286 വോട്ടിന് വിജയിച്ച വാർഡാണ് യു.ഡി.എഫ്. തിരിച്ചു പിടിച്ചത്. ചേലക്കാടൻ കുഞ്ഞമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അനസ് നങ്ങാണ്ടി യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റാണ്.

മടവൂർ ഗ്രാമപഞ്ചായത്തിലെ 5ാം വാർഡിൽ (പുല്ലാളൂർ) യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിലെ സിറാജ് ചെറുവലത്ത് വിജയിച്ചു. 234 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറാജ് വിജയിച്ചത്. സിറാജ് ചെറുവലത്തിന് ( മുസ്ലിംലീഗ്) 610, ഒ.കെ.അബ്ബാസ് (എൻ.സി.പി) 376, അബ്ബാസ് 8, പി.അബ്ബാസ് 4, വാസുദേവൻ (ബി.ജെ.പി) 34 എന്നിങ്ങനെയാണ് വോട്ടുനില. യു.ഡി.എഫ് അംഗം ജുറൈജിന്റെ നിര്യാണത്തെതുടർന്നാണ് അഞ്ചാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10:30 ന് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടക്കും.

മാവൂർ പഞ്ചായത്ത് 13ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വളപ്പിൽ റസാഖ് 271 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ രണ്ടാം കക്ഷി ആയിരുന്ന എൽ.ഡി.എഫിനെ മറികടന്ന് എസ്.ഡി.പി.ഐ രണ്ടാംകക്ഷിയായി. യു.ഡി.എഫ്. 573 എസ്.ഡി.പി.ഐ 301. എൽ.ഡി.എഫി' 215. ബി.ജെ.പി. 9. സ്വതന്ത്രൻ 23 എന്നിങ്ങനെയാണ് വോട്ടുനില.

ജനങ്ങളെ നിരന്തരമായി ദ്രോഹിക്കുകയും പഞ്ചായത്ത് രാജ് അട്ടിമറിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരായ കൃത്യമായ പ്രതികരണമാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. നവകേരള സദസെന്ന രാഷ്ട്രീയ കാപട്യം ജനങ്ങൾ പുച്ഛിച്ചു തള്ളി. ജില്ലയിലെ എൽ.ഡി.എഫ് അടിത്തറ പൂർണമായും തകർന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും പ്രവീൺ കുമാർ പറഞ്ഞു.

വോട്ടെടുപ്പ് നടന്നത് വിജയം ഭൂരിപക്ഷം

മേമുണ്ട ചല്ലിവയലിൽ എൻ.ബി.പ്രകാശൻ 311 വോട്ട്

വാണിമേൽ കൊടിയൂര അനസ് നങ്ങാണ്ടി 444

മടവൂർ പുല്ലാളൂർ സിറാജ് ചെറുവലത്ത് 234

മാവൂർ 13ാം വാർഡ് വളപ്പിൽ റസാഖ് 271