@കോഴിക്കോട്ട് പൊതു തെളിവെടുപ്പ് നടത്തി
കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആനക്കാംപൊയിൽ മുതൽ വയനാട് മേപ്പാടി വരെയുള്ള ഇരട്ട തുരങ്കപാതയുടെ നിർമ്മാണത്തിനുള്ള പദ്ധതികളുമായി സർക്കാർ അതിവേഗം മുന്നോട്ട്. പദ്ധതിയ്ക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ പാത കടന്നുപോവുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ പൊതു തെളിവെടുപ്പ് നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിലായിരുന്നു തെളിവെടുപ്പ്. 16 പേർ പങ്കെടുത്തു .
വയനാട് ജില്ലയിലെ തെളിവെടുപ്പ് നേരത്തെ പൂർത്തിയായിക്കഴിഞ്ഞു. ഹൈവേ വിഭാഗത്തിൽ ഉൾപ്പെടുന്ന പാത ആരംഭിക്കുക കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലും അവസാനിക്കുന്നത് വയനാട് മീനാക്ഷിപ്പുഴ പാലത്തിലുമാണ്. 8.735 കിലോമീറ്ററാണ് തുരങ്കപാതയുടെ ആകെ ദൈർഘ്യം. ഇതിൽ 8.110 കിലോമീറ്ററാണ് തുരങ്കത്തിന്റെ മാത്രം ദൈർഘ്യം. 5.771 കിലോമീറ്റർ വന ഭൂമിയിലൂടെയാണ് പാത കടന്നു പോവുന്നത്. ഓരോ ദിശയിലും രണ്ട് വരിയുടെ രണ്ട് ട്യൂബുകൾ വീതമുള്ള നാലു വരി ഗതാഗതമാണ് ഉദ്ദേശിക്കുന്നത്. 2043.74 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
തുരങ്കപാത നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചിരുന്നു. കൊങ്കൺ റെയിൽവെ കോർപ്പറേഷനാണ് ടെൻഡർ ക്ഷണിച്ചത്. തുരങ്ക നിർമ്മാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും 1643.33 കോടി രൂപയ്ക്കാണ് ടെൻഡർ ക്ഷണിച്ചത്. ഫെബ്രുവരി 23 ആണ് അവസാന തീയതി. നാലു വർഷമാണ് നിർമ്മാണ കാലാവധി. 10 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കം നിർമ്മിക്കേണ്ടത്.
തുരങ്കത്തിലെത്താൻ ഇരുവഞ്ഞി പുഴയിൽ നിർമ്മിക്കേണ്ട രണ്ടു പാലങ്ങൾക്ക് 93.12 കോടി രൂപയുടെ ടെൻഡറും ക്ഷണിച്ചു. ഇതിന്റെ അവസാന തീയതി ജനുവരി 19 ആണ്. നിർമ്മാണ കാലാവധി രണ്ടു വർഷവും.
താമരശ്ശേരി ചുരം കയറാതെ വയനാട്ടിലെത്താവുന്ന എളുപ്പമാർഗമാണ് തുരങ്കപാത. പാതയ്ക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമികാനുമതി ലഭിച്ചിരുന്നു. കൊങ്കൺ റയിൽവെ കോർപ്പറേഷനാണ് തുരങ്കപാതയുടെ സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള ചുമതല. തുരങ്കപാതയുമായി ബന്ധപ്പെട്ട് ആളുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ ആവശ്യമായ എല്ലാ പുനരധിവാസ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലായി 19.59 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ലിന്റോ ജോസഫ് എം.എൽ.എ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ പി. പി. ശാലിനി, മലിനീകരണ നിയന്ത്രണ ബോർഡ് മേഖലാ ചീഫ് എൻവയോൺമെന്റൽ എൻജിനീയർ സിന്ധു രാധാകൃഷ്ണൻ, ജില്ലാ എൻവയോൺമെന്റൽ എൻജിനീയർ സൗമ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ജനങ്ങളെ കേട്ട ശേഷം മുഴുവൻ നടപടിക്രമങ്ങളും കൃത്യമായി പാലിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്
സ്‌നേഹിൽ കുമാർ സിംഗ്
ജില്ലാ കളക്ടർ