കോഴിക്കോട്: ഹരിത കേരളം മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തരിശുഭൂമിയിൽ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വടകര തരിശു ഭൂമിയിൽ മില്ലറ്റ് കൃഷി പദ്ധതിക്കായി ഒരുങ്ങുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 15ന് രാവിലെ ഒമ്പതിന് വടകരയിൽ നടക്കും. നാലാം വാർഡായ പഴങ്കാവ് ഫയർ സ്റ്റേഷന് സമീപം നടക്കുന്ന കൃഷിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിർവഹിക്കും. വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു അദ്ധ്യക്ഷത വഹിക്കും.
നിലവിലുള്ള കൃഷി ഭൂമിയിൽ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിനോടൊപ്പം തരിശുഭൂമിയെ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മില്ലറ്റ് കൃഷി നടപ്പിലാക്കുന്നത്.
നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ മില്ലറ്റ് കൃഷി വ്യാപകമാക്കുന്നതിന്റെ ആദ്യ പ്രവർത്തനം കൂടിയാണ് വടകര നഗരസഭയിൽ നടപ്പിലാക്കുന്നത്. മില്ലറ്റ് മിഷൻ കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മില്ലറ്റ് കൃഷി നടത്തുക. 40 സെന്റ് സ്ഥലത്താണ് ഉദ്ഘാടന സമയത്ത് മില്ലറ്റ് വിത്ത് വിതക്കുന്നത്. അതിന് ശേഷം വാർഡിലെ മറ്റ് ഇടങ്ങളിലേക്ക് മില്ലറ്റ് വ്യാപിപ്പിക്കും. നഗരസഭയിൽ ആദ്യഘട്ടത്തിൽ ഒന്നര ഹെക്ടർ സ്ഥലത്ത് വിത്ത് വിതയ്ക്കും.
ഒമ്പതു തരം മില്ലറ്റ് വിഭാഗത്തിൽ റാഗി, ബാജ്ര, ജോവർ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഡിസംബർ മുതൽ മാർച്ചു വരെയാണ് ഇതിന്റെ കൃഷിക്കാലം. മഴയത്ത് കൃഷി ചെയ്യാൻ പറ്റാത്ത വിളയാണ് ഇത്. കടുത്ത വേനലിനെയും അതിജീവിക്കാൻ മില്ലറ്റിന് കഴിവുണ്ട്. അതിനാൽ വേനൽക്കാല കൃഷിയായി ഇതിനെ പരിഗണിക്കാൻ കഴിയും.
എന്താണ് മില്ലറ്റുകൾ?
നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലു വർഗത്തിൽപ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ. ജോവർ (മണിച്ചോളം), ബജ്ര, റാഗി, കുട്കി, കുട്ടു, രാംധാന, കാങ്‌നി, കൊടോ, തിന, ചാമ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മില്ലറ്റ് വിളകൾ. ഇവ പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്നു. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉത്പാദനത്തിൽ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണുള്ളത്.