കോഴിക്കോട്: ഇടതുസർക്കാർ കേരളത്തെ കട്ടുമുടിക്കുകയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എലത്തൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിൽ ഇതുപോലെ അഴിമതി നടത്തിയൊരു മറ്റൊരു സർക്കാരില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനം പൂർണമായും തകർന്ന നിലയിലാണ്. സർക്കാരിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിൽ 2024ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുഴുവൻ സീറ്റും നേടും. തുടർഭരണം പാർട്ടിയെ തുലച്ചെന്ന് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പറയുന്നുണ്ടെന്നും തുടർഭരണം കൊവിഡിന്റെ സംഭാവനയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് എലത്തൂർ നിയോജക മണ്ഡലം ചെയർമാൻ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ്കുമാർ കുറ്റപാത്രം വായിച്ചു. എം.പി, എം.കെ.രാഘവൻ മുഖ്യാതിഥിയായി. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രഭാഷണം നടത്തി. ഒ.പി.നസീർ , നിജേഷ് അരവിന്ദ് , ഗൗരി പുതിയോത്ത് ,ടി.കെ.രാജേന്ദ്രൻ ,കെ.പി.ബാബു, ജാഫർ സാദിഖ്, നാസർ എസ്റ്റേറ്റ് മുക്ക് , കെ. ശ്രീജിത്ത്, സനൂജ് കുരുവട്ടൂർ , ഫൈസൽ കല്ലാട്, പി.അരവിന്ദൻ എന്നിവർ പങ്കെടുത്തു. യു. ഡി. എഫ് എലത്തൂർ നിയോജക മണ്ഡലം കൺവീനർ വി.എം. മുഹമ്മദ് സ്വാഗതവും എലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അറോട്ടിൽ കിഷോർ നന്ദിയും പറഞ്ഞു.