
വർഷങ്ങളായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും പലവിധ പ്രതിസന്ധികളിൽ തട്ടി നിന്ന വയനാട് ഇരട്ട തുരങ്കപാത നിർമ്മിക്കാനുള്ള വലിയ പരിശ്രമവുമായി സർക്കാർ അതിവേഗം മുന്നോട്ട് പോവുമ്പോൾ ജനങ്ങൾ ഏറെ പ്രതീക്ഷയിലാണ്. വയനാടിന്റെയും കോഴിക്കോട്ടെ മലയോര ജനതയുടെയും സ്വപ്ന പദ്ധതിയാണ് ആനക്കാംപൊയിൽ മേപ്പാടി ഇരട്ടതുരങ്കപാത. പദ്ധതി നടപ്പായാൽ വിനോദ സഞ്ചാര രംഗത്തും വലിയ കുതിപ്പിന് പദ്ധതി വഴിവെച്ചേക്കും.
നിലവിൽ കോഴിക്കോട് - വയനാട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയാണ് താമരശേരി ചുരം. ഇടയ്ക്കിടെയുണ്ടാവുന്ന മണ്ണിടിച്ചിലും വലിയ തോതിലുള്ള ഗതാഗത തടസവും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. യാത്രയ്ക്കിടെ ചികിത്സ കിട്ടാതെ ജീവൻ പൊലിഞ്ഞവരും അപകടത്തിൽ മരണപ്പെട്ടവും നിരവധി. മലബാറിലെ പ്രധാന ആശുപത്രിയായ കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ് വയനാട്ടുകാർ ആശ്രയിക്കുന്നത്. എന്നാൽ പലപ്പോഴും ചുരത്തിലെ ഗതാഗതക്കുരുക്കിൽ ജീവൻ അപകടത്തിലാവുന്നത് തുടർക്കഥയാണ്. വയനാട്ടുകാർക്ക് ദീർഘ ദൂര യാത്ര ആവശ്യമായി വരുമ്പോൾ ആശ്രയിക്കുന്നത് കോഴിക്കോട് റെയിൽവേ സ്റ്രേഷനെയും കരിപ്പൂർ വിമാനത്താവളത്തെയുമൊക്കെയാണ്. ഇതിനെല്ലാം ചുരം കടന്ന് കോഴിക്കോട്ടെത്തണം.
ഇതിന് ബദലൊരുക്കണമെന്ന ഏറെ കാലത്തെ ചർച്ചകളും പഠനങ്ങളുമാണ് തുരങ്കപാത പദ്ധതിയിലേക്കെത്തിച്ചത്. ആനക്കാപൊയിൽ കള്ളാടി തുരങ്കപാത പൂർത്തിയായാൽ കോഴിക്കോട് നിന്ന് താമരശേരി ചുരം കയറാതെ ഒമ്പത് കിലോമീറ്ററിൽ താഴെയുള്ള യാത്രകൊണ്ട് വയനാട്ടിലെത്താം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുള്ള യാത്രയും എളുപ്പമാവും . 2020ലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിച്ചത്. സർക്കാർ സ്വപ്ന പദ്ധതിയായി കണക്കാക്കുന്നതിനാൽ കൃത്യമായ ഇടപടലുണ്ടായി. ആ വർഷം തന്നെ സർവേ നടപടികൾ തുടങ്ങി.
പ്രതീക്ഷയോടെ
ജനങ്ങൾ
ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിർമ്മാണത്തിനുള്ള പദ്ധതികളുമായി സർക്കാർ അതിവേഗം മുന്നോട്ട് പോവുകയാണ്. പദ്ധതിയ്ക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പാത കടന്നുപോവുന്ന വയനാട്ടിലെയും കോഴിക്കോട്ടെയും പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ പൊതു തെളിവെടുപ്പ് നടത്തി. ആശങ്കകളും നിർദ്ദേശങ്ങളും ചർച്ച ചെയ്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിലാണ് തെളിവെടുപ്പ് നടന്നത്. ഹൈവേ വിഭാഗത്തിൽ ഉൾപ്പെടുന്ന പാത ആരംഭിക്കുക കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലെ മറിപ്പുഴയിലും അവസാനിക്കുന്നത് വയനാട് മീനാക്ഷിപ്പുഴ പാലത്തിലുമാണ്. 8.735 കിലോമീറ്ററാണ് തുരങ്കപാതയുടെ ആകെ ദൈർഘ്യം. ഇതിൽ 8.110 കിലോമീറ്ററാണ് തുരങ്കത്തിന്റെ മാത്രം ദൈർഘ്യം. 5.771 കിലോമീറ്റർ വന ഭൂമിയിലൂടെയാണ് പാത കടന്നു പോവുന്നത്. ഓരോ ദിശയിലും രണ്ട് വരിയുടെ രണ്ട് ട്യൂബുകൾ വീതമുള്ള നാലു വരി ഗതാഗതമാണ് ഉദ്ദേശിക്കുന്നത്. 2043.74 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
കൊങ്കൺ റെയിൽവെ കോർപ്പറേഷനാണ് തുരങ്കപാതയുടെ സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള ചുമതല. അതിനിടെ തുരങ്കപാത നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചിരുന്നു. തുരങ്ക നിർമ്മാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും 1643.33 കോടിക്കാണ് ടെൻഡർ ക്ഷണിച്ചത്. ഫെബ്രുവരി 23നാണ് അവസാന തീയതി. നാലു വർഷമാണ് നിർമ്മാണ കാലാവധി. പത്ത് മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കം നിർമ്മിക്കേണ്ടത്.
തുരങ്കത്തിലെത്താൻ ഇരുവഞ്ഞി പുഴയിൽ നിർമ്മിക്കേണ്ട രണ്ടു പാലങ്ങൾക്ക് 93.12 കോടിയുടെ ടെൻഡറും ക്ഷണിച്ചു. ഇതിന്റെ അവസാന തീയതി ജനുവരി 19. നിർമ്മാണ കാലാവധി രണ്ടു വർഷവും.
പാതയ്ക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമികാനുമതി ലഭിച്ചിരുന്നു. അന്തിമ അനുമതിയ്ക്കായുള്ള പ്രവർത്തനങ്ങളാണ് അതിവേഗം പുരോഗമിക്കുന്നത്.
തുരങ്കപാതയുമായി ബന്ധപ്പെട്ട് ആളുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ ആവശ്യമായ എല്ലാ പുനഃരധിവാസ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലായി 19.59 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനുള്ള നടപടികളും തുടരുന്നുണ്ട്. പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ജനങ്ങളെ കേട്ട ശേഷം മുഴുവൻ നടപടിക്രമങ്ങളും കൃത്യമായി പാലിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു.
പദ്ധതി പെട്ടെന്ന് നടപ്പാക്കും
നവകേരള സദസിൽ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പല ഭാഗത്തുനിന്നും എതിർപ്പുണ്ടായെങ്കിലും സർക്കാർ പദ്ധതി ഉപേക്ഷിച്ചില്ലെന്നും വിവിധ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നുമുള്ള അനുമതികൾക്കായി നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ടെണ്ടർ നടപടികൾ പൂർത്തിയാക്കി തുരങ്ക പാത നിർമാണം അടുത്ത വർഷം മാർച്ചിൽ തുടങ്ങാനാകുമെന്ന് കരുതുന്നത്. പദ്ധതിക്കായി ഭൂമി നഷ്ടമാകുന്ന പ്രദേശവാസികൾക്ക് ഉയർന്ന നഷ്ട പരിഹാരം നൽകുമെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉറപ്പ് നൽകിയിട്ടുണ്ട്. സർക്കാർ ഏജൻസിയായ കിറ്റ് കോ സാമൂഹ്യാഘാത പഠനം നടത്തിയിരുന്നു.
പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17 ഹെക്ടറിലേറെ ഭൂമിയിൽ മരം വച്ചുപിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് വിവരങ്ങൾ സമർപ്പിക്കണമെന്നുമക്കമുള്ള നിർദ്ദേശങ്ങളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയിരിക്കുന്നത്. വയനാട് ജില്ലയിലാണ് ഈ നിർദ്ദേശം നടപ്പാക്കുന്നതിനായി ഭൂമി കണ്ടെത്തിയിരിക്കുന്നത് . അഞ്ചു വർഷമാണ് ഈ നടപടികൾ പൂർത്തിയാക്കാനുള്ള കാലാവധി.
ആശങ്കയും
പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും പ്രദേശത്തുണ്ട്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കൂടി തുരങ്കം നിർമ്മിക്കുന്നതിന് കാര്യമായ പഠനം നടന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാർഷിക മേഖലയ്ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയുണ്ട്. പരിസ്ഥിതി സംഘടനകളുടെയും നാട്ടുകാരുടെയും കർഷകരുടെയും ആശങ്കൾ പൊതു തെളിവെടുപ്പിലും ഉയർന്നിരുന്നു. എന്നാൽ ഇതിനൊന്നും കൃത്യമായുള്ള മറുപടി ലഭിച്ചില്ലെന്ന പരാതിയുണ്ട്.
അതേസയം തുരങ്കപാതയുടെ പേര് പറഞ്ഞ് മറ്റ് പദ്ധതികൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന ആക്ഷേവും ഉണ്ട്.
അടിയന്തരമായി ചുരത്തിൽ ചെയ്യേണ്ട പ്രവർത്തികൾ നടക്കുന്നില്ലെന്നാണ് പരാതി. തുടർച്ചയായി ഉണ്ടാവുന്ന ചുരത്തിലെ ഗതാഗതകുരുക്കഴിക്കാൻ ചുരത്തിൽ ഫയർഫോഴ്സ് അംഗങ്ങൾ അടങ്ങിയ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിക്കണമെന്ന ആവശ്യം കൽപറ്റ എം.എൽ.എ അഡ്വ. ടി സിദ്ദിഖ് ഉന്നയിച്ചിരുന്നു. ചുരം വികസന വിഷയത്തിൽ കാര്യമായ നടപടികൾ ഉണ്ടാവുന്നില്ല. ചുരത്തിലെ വളവുകൾ നിവർത്താൻ 2018ൽ കേന്ദ്ര വനം വകുപ്പ് വനം വിട്ടു നൽകിയതാണ്. അഞ്ച് വർഷം പിന്നിടുമ്പോഴും തുടർ നടപടി ഉണ്ടായിട്ടില്ല. തുരങ്കപാതയ്ക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ അതിന്റെ പേരിൽ മറ്റു പദ്ധതികളെ അവഗണിക്കരുതെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.