fire
fire

@ഹെലികോപ്റ്റർ സംവിധാനവും ഒരുക്കണം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മുമ്പും ഈ ആവശ്യം ഉയർന്നിരുന്നെങ്കിലും കാര്യമായ പരിഗണന കിട്ടിയിരുന്നില്ല. തീപിടിത്തങ്ങളും മറ്റ് അപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഇടമായ മെഡിക്കൽ കോളേജ് ഭാഗത്ത് ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യമുയരുന്നത്.

ഹെലികോപ്റ്റർ സംവിധാനവും ഒരുക്കണമെന്ന ആവശ്യമുണ്ട്.

ഹെലികോപ്റ്റർ സംവിധാനം ഒരുക്കിയാൽ രക്ഷാപ്രവർത്തനങ്ങൾക്ക് പുറമെ അത്യാവശ്യഘട്ടത്തിൽ രോഗികളെ ആശുപത്രിയിലെത്തിക്കാനും അവയവദാനമുൾപ്പെടെ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താനും സാധിക്കും.

ദിനംപ്രതി വളരുന്ന കോഴിക്കോട് നഗരത്തിലെ വലിയ കെട്ടിടങ്ങളിലുണ്ടാവുന്ന തീപിടിത്തമുൾപ്പെടെയുള്ള അപകടങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ച് സാധിക്കും.

റോഡുകളുടെ നിരവാരം ഉയർന്നതോടെ അപകടങ്ങളും ഉയർന്നിട്ടുണ്ട്. ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി പൂർത്തിയായാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടി വരും. നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നായ മെഡിക്കൽ കോളേജ് പരിസരത്ത് ഫയർസ്റ്റേഷൻ സ്ഥാപിച്ചാൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. മെഡിക്കൽ കോളേജുമായി സഹകരിച്ച് സ്ഥലം ലഭ്യമാക്കാം. നഗരത്തിൽ നാല് പുതിയ ഫയർ സ്റ്റേഷനുകൾ കൂടി ആരംഭിക്കണമെന്ന് ജില്ലാ ഫയർ ഓഫീസർ കോർപ്പറേഷന് അപേക്ഷ നൽകിയിരുന്നു. പുതിയാപ്പ, മെഡിക്കൽ കോളേജ്, കാരപ്പറമ്പ്, ബേപ്പൂർ എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇതിൽ മെഡിക്കൽ കോളേജിൽ ഫയർഫോഴ്സ് നിർമ്മിക്കുന്നതിന്റെ ആവശ്യകത സൂചിപ്പിക്കുന്നുണ്ട്. നിലവിൽ നഗരത്തിൽ മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങളിലാണ് ഫയർ സ്റ്റേഷനുകളുള്ളത്. ഇതിൽ തന്നെ ബീച്ച് ഫയർ സ്റ്റേഷനിൽ ഒരു ഫയർ യൂണിറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്.

വ്യവസായകേന്ദ്രങ്ങളും ഹാർബറുമെല്ലാമുള്ള പുതിയാപ്പയിൽ ഫയർ സ്റ്റേഷൻ ആവശ്യമാണ്. നഗരത്തിലുണ്ടാവുന്ന വലിയ തീപിടിത്തങ്ങളിലും രക്ഷാപ്രവർത്തനം നടത്താൻ സാധിക്കും. അനുദിനം വികസിക്കുന്ന കാരപ്പറമ്പിലും സുരക്ഷ ഉറപ്പാക്കാൻ ഫയർ സ്റ്റേഷനുകൾ വേണം. അതിവേഗം വികസനം നടക്കുന്ന മേഖലകൂടിയാണിത്. വലിയ ടൂറിസ്റ്റ് കേന്ദ്രവും വലിയ ഹാർബറുമുള്ള ബേപ്പൂരിൽ ഫയർ ഫോഴ്സ് വേണം.