
വടകര (കോഴിക്കോട്): ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃ മാതാവ് അറസ്റ്റിൽ. മരിച്ച ഷബ്‌നയുടെ (30) ഭർത്താവ് ഹബീബിന്റെ മാതാവ് തണ്ടാർകണ്ടി നബീസയാണ് (60) അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇവരെ വടകര ഡിവൈ.എസ്.പി ആർ.ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട്ടെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കേസിൽ ഭർത്താവിന്റെ മാതൃ സഹോദരൻ ഹനീഫ നേരത്തെ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികളായ ഭർത്താവ് ഹബീബ്, പിതാവ് മഹമൂദ് ഹാജി, സഹോദരി ഹഫ്‌സത്ത് എന്നിവർ ഒളിവിലാണ്.
മാതൃ സഹോദരനായ ഹനീഫ ഷബ്‌നയെ മർദ്ദിക്കുന്ന സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ആയിരുന്നു ആദ്യം കേസെടുത്തിരുന്നത്. പിന്നീട് ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ മറ്റുള്ളവരെയും പ്രതി ചേർക്കുകയായിരുന്നു. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് ഭർതൃമാതാവ് പിടിയിലായത്. അറസ്റ്റിലായ നബീസയ്ക്കെതിരെ ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭർതൃവീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ നേരിട്ടതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാൻ ഷബ്‌നയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഡിസംബർ നാലിന് ഷബ്‌ന ജീവനൊടുക്കിയത്.