കോഴിക്കോട് : എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) വീഡിയോ കോളിലൂടെ പണം തട്ടിയ കേസിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ. അംമ്രിഷ് അശോക് പാട്ടീൽ (40), സിദ്ദേഷ് ആനന്ദ് കാർവേ (42) എന്നിവരാണ് കോഴിക്കോട് സിറ്റി പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിന് ഉപയോഗിക്കുന്ന ആറോളം മൊബൈൽ ഫോണുകളും 30ലധികം സിം കാർഡുകളും 10ലധികം എ.ടി.എം കാർഡുകളും ബാങ്ക് ചെക്ക് ബുക്കുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. ഗോവയിലെ കാസിനോകളിൽ സ്ഥിരമായി ചൂതാട്ടത്തിലേർപ്പെടുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പിടിയിലാകാതിരിക്കാൻ ഫോണുകളും മൊബൈൽ നമ്പറുകളും പ്രതികൾ മാറി മാറി ഉപയോഗിച്ചിരുന്നു. താമസ സ്ഥലങ്ങളും മാറിക്കൊണ്ടിരുന്നു.
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശിയെ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തെന്ന വ്യാജേന വീഡിയോ കോളിലൂടെ ആശുപത്രി ചെലവിനെന്ന് തെറ്റിദ്ധരിപ്പിച്ച് 40,000 രൂപ കവർന്ന കേസിലാണ് പ്രതികൾ ഗോവയിലെ പഞ്ചിമിൽ നിന്ന് പിടിയിലായത്.
പരാതിക്കാരന്റെ കൂടെ ജോലി ചെയ്തിരുന്ന അമേരിക്കയിലുള്ള ആന്ധ്രാ സ്വദേശിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്. പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുക ഗുജറാത്തിലെ അഹമ്മദാബാദിലെ ഉസ്മാൻ പുര ഭാഗത്തെ കൗശൽ ഷാ എന്നയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും തുടർന്ന് ഗോവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗെയിമിംഗ് പ്ലാറ്റ്‌ഫോം ബാങ്ക് അക്കൗണ്ടിലേക്കുമാണ് എത്തിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.