കോഴിക്കോട് : നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ സ്റ്റേഡിയം ജംഗ്ഷനിലെ അഴുക്കുചാൽ
നിർമ്മാണം പാതി വഴിയിൽ നിലച്ച നിലയിൽ.ഇവിടെ നിർമാണത്തിനായി റോഡ് കുഴിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിലും അഴുക്കുചാൽ നിർമാണം നിലച്ചിട്ട് ആഴ്ചകളായി. എങ്കിലും റോഡിലേക്കുള്ള ഗതാഗത നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്. പ്രവൃത്തി നിലച്ചിട്ടും തുടരുന്ന ഗതാഗത നിയന്ത്രണം യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോഴും റോഡ് പൊളിച്ചിട്ടിരിക്കുകയാണെന്നതിനാൽ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുമുണ്ട്. നിർമാണത്തിനായി പൊളിച്ചതോടെ ഈ റോഡ് വൺ വേ ആക്കി മാറ്റിയിരിക്കുകയാണ്. വാഹനങ്ങൾ എത്താതായതോടെ കച്ചവടം കുറഞ്ഞെന്നാണ് വ്യാപാരികളുടെ പരാതി. കടകളിലെത്തുന്നവരിൽ പലരും പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ തിരികെ പോകുന്ന സ്ഥിതിയുമുണ്ടെന്നും വ്യാപാരികൾ പറയുന്നു. അഴുക്കുചാലിന്റെ പണി പാതി വഴിയിലായിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. റോഡ് കുത്തി പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഫുട്പാത്തിൽ കിടക്കുകയാണ്. ഇത് കാൽനടയാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. രാത്രി ഫുട്പാത്തിലൂടെ വരുന്നവർ പലരും കൂട്ടിയിട്ടിരിക്കുന്ന അവശിഷ്ടങ്ങളിൽ തട്ടി വീഴുന്നത് പതിവാണെന്നും വ്യാപാരികൾ പറയുന്നു. നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് റോഡ് അടച്ച് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന അഴുക്കുചാൽ നിർമാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ റോഡിന് അടിയിലെ ഓടയിലൂടെ കെ.എസ്.ഇ,ബിയുടെ കേബിളുകൾ കടന്നു
പോകുന്നുമുണ്ട്. ഈ കേബിൾ ഇവിടെ നിന്ന് നീക്കിയാൽ മാത്രമേ ബാക്കി പണികൾ പൂർത്തീകരിക്കാൻ കഴിയൂ.
കേബിൾ നീക്കാനുള്ള പണം പണി ഏറ്റെടുത്തയാൾ കെട്ടിവെച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവൃത്തി ഇപ്പോഴും നീണ്ടുപോവുകയാണ്. അഴുക്കുചാൽ നിർമാണം എത്രയും പെട്ടന്ന് പൂർത്തിയാക്കി റോഡിൽ ഗതാഗതം അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.